
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചതിനു പിന്നാലെയാണ് കരുത്തനായ നേതാവു കൂടിയായ സിന്ധ്യയുടെ രാജി.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു സിന്ധ്യ. രാഹുല്‍ ഗാന്ധിക്ക് പകരക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളില്‍ ജ്യോതിരാദിത്യ സി്ന്ധ്യയും ഇടം പിടിച്ചിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷന്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയും യുപിയില്‍ കോണ്‍ഗ്രസ് ഒരേയൊരു സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ പാര്‍ട്ടിയില്‍ കൂട്ടരാജി തുടരുകയാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് നേരത്തെ പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദീപക് ബാബ്റിയ, വിവേക് തന്‍ഖ തുടങ്ങിയ മറ്റു പല മുതിര്‍ന്ന നേതാക്കളും രാജിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിരവധി നേതാക്കള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും താന്‍ ആദ്യം രാജിവെച്ചൊഴിയാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനാകില്ലെന്നും ട്വീറ്റ് ചെയ്ത രാജിക്കത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു.






