
കുട്ടനാട്: അപ്പര്‍കുട്ടനാട് മേഖലയിലെ അനധികൃത നിലം നികത്തലിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ബിജെപി. പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം. സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെയാണ് നിലം നികത്തല്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള ആരോപിച്ചു.
അപ്പര്‍ കുട്ടനാടിന്റെ ഭാഗമാണ് എംസി റോഡിനോട് ചേര്‍ന്ന മഴുക്കീര്‍ പാടശേഖരം. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. ഇവിടെയാണ് വ്യാപകമായ രീതിയില്‍ പാടം മണ്ണും കെട്ടിടാവശിഷ്ടങ്ങളും ഉപയോഗിച്ച് നികത്തുന്നത്. പ്രളയം ഏറെ നാശം വിതച്ച ഈ പ്രദേശത്ത് അവശേഷിക്കുന്ന പാടങ്ങളും നികത്തുന്നതിനെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ഈ പശ്ചാത്തലത്തിലാണ് ബിജെപി പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.
നേരത്തെ വയല്‍ നികത്തുന്നത് തടഞ്ഞ് തിരുവന്‍വണ്ടൂര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നിട്ടും പാടം നികത്തുന്നത് തുടരുകയാണ്. പാടശേഖരത്തിന് ചുറ്റുമുള്ള ഉമയാറ്റുകര, മഴുക്കീര്‍, വെട്ടിക്കോട് പ്രദേശങ്ങളില്‍ ഇപ്പോഴും കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. ശേഷിക്കുന്ന പാടശേഖരങ്ങള്‍ കൂടി നികത്തുന്നതോടെ ഭാവിയില്‍ കടുത്ത ജലക്ഷാമത്തിനും ഇത് കാരണമാകും.






