
ന്യൂഡല്‍ഹി: പെട്രോള്‍,ഡീസല്‍ വിലവര്‍ധന പിന്‍വലിക്കാനാകില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ഇതേ കുറിച്ചുള്ള നിലപാടില്‍ കേന്ദ്ര ധനമന്ത്രി സീതാരാമന് മൗനം പാലിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പെട്രോളിനും ഡീസലിനും ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സര്‍ക്കാരിനെതിരെ മുഖ്യവിഷയമാക്കിയതും ഇതു തന്നെയായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ നിര്‍മല സീതാരാമന് മൗനം പാലിച്ചതായിരുന്നു പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്.
ധനമന്ത്രിയുടെ മറുപടി തള്ളി യുപിഎ അംഗങ്ങളും പിന്നാലെ തൃണമൂല്‍ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. യുപിഎ കാലത്ത് തൊഴിലുറപ്പ് പദ്ധതിയിലടക്കം അഴിമതി നടന്നതായി സിഎജി കണ്ടെത്തിയിട്ടുണ്ടെന്ന് പിന്നീട് നിര്‍മല സീതാരാമന് ആരോപിച്ചു.






