
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കി അപ്രതീക്ഷിതമായി കാലവര്‍ഷം ചതിച്ചെങ്കിലും മണ്‍സൂണിന്റെ കഴുത്തു ഞെരിച്ച എല്‍ നിനോ പ്രതിഭാസത്തിന്റെ പിടി അയയുന്നു. കഴിഞ്ഞ ഒരു മാസമായി ശക്തി ക്ഷയിച്ചിരിക്കുന്ന എല്‍ നിനോ കാലാവസ്ഥാ പ്രതിഭാസം ഒന്നോ രണ്ടോ മാസം കൊണ്ടു പൂര്‍ണ്ണമായും മങ്ങുമെന്നും മണ്‍സൂണ്‍ സീസണിന്റെ അവസാന ഘട്ടത്തില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍.
ഭൂമദ്ധ്യരേഖയോട് ചേര്‍ന്ന് പസഫിക്കിന്റെ കേന്ദ്ര, കിഴക്കന്‍ പ്രദേശങ്ങളില്‍ അസാധാരണമായി ചൂട് ഉയരുന്ന ഈ പ്രതിഭാസമാണ് ജൂണിലെ മഴയെ ബാധിച്ചതെന്നും ഇത് കാലവര്‍ഷത്തില്‍ 33 ശതമാനം കുറവ് വരുത്തിയെന്നുമാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നത്. കഴിഞ്ഞ മാസംമുതല്‍ ഈ സ്ഥിതി ദുര്ബ്ബലപ്പെട്ടിട്ടുണ്ടെങ്കിലും സെപ്തംബറോടെ അവസാനിക്കുന്ന മണ്‍സൂണ്‍ സീസണ് മുഴൂവനും അതിന് ശേഷവും ചിലപ്പോള്‍ നീണ്ടു നില്ക്കും എന്നും പറഞ്ഞിരുന്നു. കാലവര്‍ഷം പൂര്‍ണ്ണമായും ഇത് കൊണ്ടു പോകുമെന്നും കേരളത്തിന് തുലാമഴയെ ആശ്രയിക്കേണ്ടി വരുമെന്നുമായിരുന്നു പ്രവചനം.
എന്നാല്‍ കഴിഞ്ഞ ഒരുമാസമായി എല്‍നിനോ നാടകീയമായി ദുര്ബ്ബലപ്പെടുകയാണെന്ന് വ്യാഴാഴ്ച അമേരിക്കന്‍ ദേശീയ ഏജന്‍സികളും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളും ഒരുമിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വരള്ച്ചയായ എല്‍ നിനോയില്‍ നിന്നും ശക്തമായ തണുത്ത കാലാവസ്ഥയിലേക്കുള്ള മാറ്റം അടുത്ത മാസമോ രണ്ടു മാസത്തിനുള്ളിലോ ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
എല്‍ നീനോയുടെ നിഴല്‍ ദുര്ബ്ബലമാകുകയാണെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും പറഞ്ഞിരുന്നു. എല്‍ നിനോ കുറയുന്നത് കൊണ്ട് ഈ വര്‍ഷം തന്നെ നല്ല കാലവര്‍ഷം കിട്ടുമെന്ന് ഉറപ്പില്ല. അതേസമയം ഇന്ത്യയില്‍ നല്ല കാലവര്‍ഷം കിട്ടുന്നതിനുള്ള പ്രതികൂല സാഹചര്യം ആഗോള തലത്തില്‍ ഉണ്ടാകില്ല എന്ന് മാത്രമേ അതിന് അര്‍ത്ഥമുള്ളൂ എന്നുമാണ് ഇന്ത്യന്‍ വിദഗ്ദ്ധരുടെ പക്ഷം.
അടുത്ത മാസം തന്നെ എല്‍ നിനോ കാലാവസ്ഥാ പ്രതിഭാഗം ലാ നിനാ പ്രതിഭാസത്തിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഓസ്ട്രേലിയന്‍ കാലാവസ്ഥാ വിഭാഗവും പറഞ്ഞത്. ജൂണ്‍ 1 മുതലുള്ള മഴയില്‍ 12 ശതമാനം മുതല്‍ 33 ശതമാനം വരെ കുറവ് വന്നെങ്കിലും ജൂലൈയില്‍ 22 ശതമാനത്തിന് മുകളില്‍ മഴ കിട്ടുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ഉടനീളം മഴ അടുത്ത മൂന്നോ നാലോ ദിവസങ്ങളില്‍ ശക്തി കുറഞ്ഞേക്കും. എന്നാല്‍ അത് ദക്ഷിണേന്ത്യയില്‍ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വിഭാഗം പറയുന്നു. എല്ലാ രണ്ടു മുതല്‍ ആറ് വര്‍ഷം കൂടുമ്പോഴും പസഫിക്കില്‍ ഭൂമദ്ധ്യരേഖയോട് ചേര്‍ന്ന് കിഴക്കന്‍ മദ്ധ്യ ഭാഗങ്ങളിലെ ഉപരിതല ഭാഗത്ത് ചൂട് സാധാരണയിലും കൂടുതല്‍ ഉയരുകയും ഇത് വായുവില്‍ വരുത്തുന്ന മാറ്റം ലോകത്തുടനീളം പ്രതിഫലിക്കുകയും ചെയ്യുന്നതിനെയാണ് എല്‍ നിനോ എന്ന് പറയുന്നത്. എല്‍ നിനോയുമായി ബന്ധപ്പെട്ട് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഇന്ത്യയിലേക്കുള്ള നീങ്ങുന്ന മഴമേഘങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും.






