
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് പിസ് സിയുടെ പോലീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരനാണ്. സിവില്‍ പോലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്(കാസര്‍കോട്) റാങ്ക് ലിസ്റ്റിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് നസീവും പോലീസ് സേനയിലേക്ക് പോസ്റ്റിങ് പ്രതീക്ഷിച്ചിരിക്കുന്നയാളാണ്. പിഎസ് സിയുടെ റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ് നസീം.
ജൂലൈ ഒന്നിന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെയാണ് തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി ശിവരഞ്ജിത്ത് ഒന്നാം സ്ഥാനക്കാരനായത്. പരീക്ഷയില്‍ 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് ലഭിച്ചത്. സ്പോര്‍ട്സിലെ വെയിറ്റേജ് മാര്‍ക്കായ 13.58 മാര്‍ക്ക് ഉള്‍പ്പെടെ 91.91 മാര്‍ക്ക് ലഭിച്ചു. നസീം 65.33 മാര്‍ക്ക് നേടിയാണ് 28-ാം റാങ്കുകാരനായത്. നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
രണ്ടാം പ്രതിയായ നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്നല്‍ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പോലീസുകാരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലിയത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിനു ശേഷമാണ് നസീം വീണ്ടും യൂണിവേഴ്സിറ്റിയില്‍ സജീവമായത്.






