
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പോലീസ്. കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയത് ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്ത് സമ്മതിച്ചുവെന്ന് കന്റോണ്‍മെന്റ് പോലീസ് ആണ് വ്യക്തമാക്കിയത്. ഇന്നലെ പിടിയിലായ ആദ്യ രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇരുവരെയും പോലീസ് വിശദമായി ചോദ്യംചെയ്യല്‍ തുടരുകയാണ്.
തിരുവനന്തപുരം കേശവദാസപുരത്ത് നിന്നാണ്് ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും പോലീസ് പിടികൂടിയത്. യുണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കല്ലറയിലേക്ക് പോകാന്‍ ഓട്ടോയില്‍ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ആറു പേര് അറസ്റ്റിലായി.
നേരത്തേ ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സീലുകള്‍ പതിപ്പിക്കാത്ത യൂണിവേഴ്സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്ലെറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍നിന്ന് കണ്ടെടുത്തു. പ്രതികള്‍ക്കായി ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും നടത്തിയ പരിശോധനയില്‍ മാരകായുധങ്ങള്‍ കണ്ടെടുത്തു.ഇരുമ്പുദണ്ഡുകള്‍ ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരില്‍ അഞ്ച് പ്രതികള്‍ ഉള്‍പ്പെട ആറുപേര്‍ പിടിയിലായി. ഉത്തരക്കടലാസുകളും സീലും റെയ്ഡില്‍ കണ്ടെത്തിയ സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.






