
ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് കഴിഞ്ഞ വെള്ളിയാഴ്ചയാണ് 47-വയസ് തികഞ്ഞത്. സുന്ദര്‍ പിച്ചൈ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നിന്റെ തലപ്പത്ത് എത്തിയതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലിയുടെ പരിശ്രമവും ഉണ്ട്. ഐഐടി ഖരഗ്പൂരില്‍ ഒരുമിച്ച് പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.
1995-ല്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ്, മെറ്റീരിയല്‍ സയന്‍സില്‍ എംഎസ് പഠിക്കാന്‍ സുന്ദറിന് സ്കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അഞ്ജലി ഇന്ത്യയില്‍ തന്നെ തുടര്‍ന്നു. ഇരുവര്‍ക്കും ഒന്നു വിളിക്കാനാകാതെ ബുദ്ധിമുട്ടിയിരുന്നു. കാരണം ഒരു കോള്‍ വിളിക്കാന്‍ പോലും സുന്ദറിന്റെ കയ്യില്‍ പണമില്ലായിരുന്നു. അന്നത്തെ ദിവസങ്ങളില്‍ പിച്ചൈയുടെ ഒരു കോളിനായി ഏറെ കാത്തിരുന്നിട്ടുണ്ടെന്ന് അഞ്ജലി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പരസ്പരം സംസാരിക്കാതെ ആറു മാസം നീണ്ടുപോയി. പക്ഷേ അവരുടെ ബന്ധം ഈ പ്രതിസന്ധികളെല്ലാം അതിജീവിച്ചു.
തങ്ങളുടെ ജീവിതം സ്വകാര്യമായി തുടരാനാണ് ഈ ദമ്പതികള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. സുന്ദറും അഞ്ജലിയും ഫെയ്സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം തുടങ്ങി സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ പോസ്റ്റു ചെയ്യാറില്ല. കാവ്യ, കിരണ്‍ എന്നീ രണ്ട് കുട്ടികളുടെ കാര്യങ്ങള്‍ പോലും ഇരുവരും സോഷ്യല്‍ ലോകത്ത് പറയാറില്ല. വല്ലപ്പോഴും ഒരു ട്വീറ്റ് മാത്രമാണ് പിച്ചൈ തന്നെ ചെയ്യുന്നത്. കരിയര്‍ തീരുമാനങ്ങളെക്കുറിച്ചുള്ള ഉപദേശത്തിനായി സുന്ദര്‍ പിച്ചൈ ഇന്നും അഞ്ജലിയുടെ ഉപദേശമാണ് തേടുന്നത്.
മറ്റ് ഐടി ഭീമന്മാരില് നിന്ന് ലാഭകരമായ ഓഫറുകള്‍ ലഭിച്ചിട്ടും ഗൂഗിളില്‍ തുടരാന്‍ പിച്ചൈയോട് പറഞ്ഞതും ഭാര്യയാണ്. ഭാര്യ അഞ്ജലിയുടെ വരുമാനം ഇന്ന് 2.2 കോടി ഡോളറാണ്. പിച്ചൈയുടെ വരുമാനം ഏകദേശം 15 കോടി ഡോളറുമാണ്. 1999 മുതല്‍ 2002 വരെ ആക്സെഞ്ചറില്‍ കെമിക്കല്‍ എന്‍ജിനീയറായാണ് അഞ്ജലി ജോലി ചെയ്തത്. ഇപ്പോള്‍ ഇന്റ്യൂട്ടില്‍ ബിസിനസ് ഓപ്പറേഷന്‍സ് മാനേജരാണ്.






