
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം തുടരുന്നു. സമര പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്കി വി.ടി ബല്‍റാം എം.എല്‍.എ സമര പന്തല്‍ സന്ദര്‍ശിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് ബല്‍റാം പാട്ടുപാടി.
നമ്മളാരും ആ നിലയ്ക്കുള്ള പാട്ടുകാരല്ലെന്നും എങ്കലും ഒരാവശ്യം വന്നാല്‍ പാടാന്‍ തയ്യാറാണെന്നും പറഞ്ഞുകൊണ്ടാണ് ബല്‍റാം പാടിയത്. താരകപ്പെണ്ണാളെ എന്ന ഗാനത്തിനൊപ്പം കയ്യടിച്ച് പ്രവര്‍ത്തകരും കൂടെ ചേര്‍ന്നു.
'ക്യാംപസില്‍ പാട്ടു പാടാനുള്ള സ്വാതന്ത്ര്യം എസ്.എഫ്.ഐ അനുവദിച്ചു തരേണ്ടതാണെന്ന ധിക്കാരത്തിനെതിരായ സര്‍ഗ്ഗാത്മ പ്രതിഷേധമാണിത്. സമരത്തെ അടിച്ചൊതുക്കാനാണ് പിണറായി സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ പ്രബുദ്ധ വിദ്യാര്‍ത്ഥി സമൂഹം അത് അംഗീകരിച്ച് തരില്ല. സമരവേദിയെ സര്‍ഗ്ഗാത്മകമാക്കുക എന്ന ആവശ്യവും ഉയര്‍ന്നു വരികയാണ്' വി.ടി ബല്‍റാം പറഞ്ഞു.
ക്യാന്റീനില്‍ പാട്ടുപാടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടയാക്കിയത്. അതേ സമയം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ നേതാക്കളെ ഇന്ന് കോളേജിലെത്തിച്ച് തെളിവെടുക്കും. മുഖ്യ പ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവരെയാണ് കോളേജിലെത്തിച്ച് തെളിവെടുക്കുക. അഖില്‍ ചന്ദ്രനെ വധിക്കാന്‍ ശ്രമിച്ച കത്തി കോളേജില്‍ നിന്ന് കണ്ടെടുക്ക എന്നതാണ് ലക്ഷ്യം.






