
കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ചേളന്നൂര്‍ ശ്രീ നാരായണ ഗുരു കോളേജ് രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥി ഫഹീമ ഷിറിനെയാണ് മാനേജ്മെന്റ് തീരുമാനത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ പുറത്താക്കിയത്. ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം അനുസരിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഫഹീമയെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ഇതിനെതിരെ ഇന്ന് ഫഹീമ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
താന്‍ മോബൈല്‍ ഫോണ്‍ പഠനാവിശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെന്നും 18 വയസുകഴിഞ്ഞ വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ ഉള്ളതെന്നും ഇത്തരം നിയമങ്ങള്‍ മാറ്റേണ്ടതാണെന്നും വിശ്വസിക്കുന്നതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിച്ചതെന്ന് ഫഹീമ പറയുന്നു. ' പ്രിന്‍സിപ്പല്‍ ഇന്നലെ വിളിച്ചിട്ടാണ് ഹോസ്റ്റലില്‍ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടത്, താന്‍ ഒഴിഞ്ഞു'.
'യൂണിവേഴ്സിറ്റി പോലും നോട്ട്സ് പി.ഡി.എഫ് ആയി തരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കില്‍ ക്യൂ.ആര് കോഡ് വച്ച് പഠിക്കുന്ന രീതിയുണ്ട്. അത്തരം സംവിധാനം നിലനില്‍ക്കുന്ന കാലത്ത് 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളോട് ഇത്തരം നിയന്ത്രണം ശരിയല്ല. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്മാത്രമാണ് ഇത്തരം നിയമമുള്ളത്. ഈ വിവേചനം അനീതിയാണെന്ന് തോന്നിയതുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്.' ഫഹീമ
അധ്യാപകരുടെ ഭാഗത്ത് നിന്ന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്നും പ്രിന്‍സിപ്പല്‍ ഡിപാര്‍ട്ട്മെന്റില്‍ കയറി തന്റെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും ചോദിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും ഫഹീമ കൂട്ടിച്ചേര്‍ത്തു.






