
തിരുവനന്തപുരം : കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞത്തു നിന്നും കൊല്ലം നീണ്ടകരയില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു.
ബുധനാഴ്ച വൈകിട്ട് വിഴഞ്ഞത്തു നിന്നും പുറപ്പെട്ട ബോട്ടിലുള്ളവരെ കുറിച്ചാണ് യാതൊരു വിവരവും ഇല്ലാത്തത്. പുല്ലുവിള സ്വദേശികളായ യേശുദാസന്, ആന്റണി, പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി എന്നിവരാണ് കാണാതായ ബോട്ടിലുള്ളത്. വ്യാഴാഴ്ച രാവിലെ തിരിച്ചെത്തേണ്ടിയിരുന്നവരാണ് ഇവര്‍. പ്രദേശത്ത് ഹെലികോപ്ടറിലും തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
മറൈന്‍ എന്‍ഫോഴ്സ്മെന്റും തീരസംരക്ഷണ സേനയും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും ഇന്നലെ എത്തിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്നത്തേയ്ക്ക് നീളുകയായിരുന്നു.
ഇതിനിടെ, കൊല്ലം ശക്തിക്കുളങ്ങര ഭാഗത്ത് നിന്ന് മത്സ്യബന്ധനത്തിനുപോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് അഞ്ച് പേര് അപകടത്തില്‍പ്പെട്ടു. ഇതില്‍ തമിഴ്നാട് നീരോടി സ്വദേശികളായ നിക്കോളാസ്, സ്റ്റാലിന് എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന രാജു, ജോണ്‍ബോസ്കൊ, സഹായരാജു എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല. തകര്‍ന്ന വള്ളം നീണ്ടകരയില്‍ അടിഞ്ഞിട്ടുണ്ട്.






