
ബാരാബങ്കി (ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശില്‍ പിന്നോക്ക വിഭാഗക്കാരനായ യുവാവിനു നേര്‍ക്ക് നാട്ടുകാരുടെ ക്രൂരത. മോഷ്ടാവാണെന്ന് ആരോപിച്ച് 28കാരനായ സുജീത് കുമാറിനെ ജനക്കൂട്ടം നഗ്നാക്കി മര്‍ദ്ദിച്ചു. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. പോലീസ് എത്തി രക്ഷപ്പെടുത്തിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 ശതമാനം പൊള്ളലേറ്റ യുവാവ് ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവാവിന്റെ തുടകള്‍ മുതല്‍ കാലുകള്‍ വരെ പൊള്ളലേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും സിവില്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് അഷുതോഷ് ദുബെ പറഞ്ഞു.
സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അജ്ഞാതനായ ഒരു അക്രമിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രി ഭാര്യാവീട്ടിലേക്ക് പോകുന്നതിനിടെ സുജീത് കുമാറിനെ തെരുവുനായ്ക്കള്‍ ഓടിച്ചു. രക്ഷപെടുന്നതിനായി രഘുപൂര്വ്വയിലെ ഒരു വീട്ടിലേക്ക് ഓടിക്കയറി. ഇതുകണ്ട നാട്ടുകാര്‍ മോഷ്ടാവ് ആണെന്ന് കരുതി സുജീതിനെ കെട്ടിയിടുകയായിരുന്നു.
ശ്രാവണ്‍ കുമാര്‍, ഉമേഷ്, രാം ലഖന്‍ എന്നിവരും മറ്റു രണ്ടുപേരുമാണ് സജിത് കുമറിനെ ആക്രമിച്ചത്. ഭാര്യയെ വീട്ടില്‍ നിന്നും തിരിച്ചുകൊണ്ടുവരാന്‍ പോകുകയാണെന്ന് പറഞ്ഞിട്ടും അക്രമികള്‍ കേട്ടില്ലെന്ന് സുജിത് പറഞ്ഞു.
മോഷ്ടാവാണെന്ന് ആരോപിച്ച് ഇവര്‍ സുജിതിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും നഗ്നനാക്കിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഇതുകണ്ട നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിളിക്കുകയും സുജിതിനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ആദ്യം സ്ഥലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് ലക്നൗവിലെ ആശുപത്രിയിലേക്കും മാറ്റി.
പ്രതികള്‍ക്കെതിരെ എസ്.സി/എസ്.ടി ആക്ട്, കൊലപാതക ശ്രമം, ആക്രമിച്ച് മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ബാരബങ്ക് ്സ്.പി ആകാശ് തോമര്‍ പറഞ്ഞു.






