ബംഗളുരു: കര്‍ണാടക നിയമസഭയില്‍ രാഷ്ട്രീയ നാടകം തുടരുന്നു. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന ഉറപ്പുകള്‍ പാഴായി. ഇപ്പോഴും സഭയില്‍ ചര്‍ച്ച തുടരുകയാണ്. വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത് വരെ വിശ്വാസ വോട്ടുപ്പ് നടത്തരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതോടെയാണ് നടപടികള്‍ നീണ്ടുപോകുന്നത്. തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിലപാടിലാണ് സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍.
ബഹളത്തെ തുടര്‍ന്ന് പല തവണ സഭാ നടപടികള്‍ തടസപ്പെട്ടു. എല്ലാവരും സഭാ നടപടികള്‍ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തന്നെ ബലിയാടാക്കരുതെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച വരെ ചര്‍ച്ച നീണ്ടു. ചര്‍ച്ചകള്‍ നീണ്ടതോടെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ സഭ പിരിഞ്ഞു. ശേഷം തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സഭാ നടപടികള്‍ പുനരാരംഭിച്ചത്.
കോണ്‍ഗ്രസിന്റെ 13 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരുമാണ് ബി.ജെ.പി പാളയത്തിലേക്ക് കൂറുമാറിയതോടെയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. വിമത എം.എല്‍.എമാര്‍ ബി.ജെ.പി സംരക്ഷണയില്‍ മുംബൈയില്‍ കഴിയുകയാണ്. വിപ്പ് നല്‍കിയിട്ടും വിമത എം.എല്‍.എമാര്‍ സഭയില്‍ ഹാജരാകാന്‍ തയ്യാറായിട്ടില്ല.






