
മഴയത്ത് ചെളിവെള്ളത്തില്‍ നാലു പേരെ കബളിപ്പിച്ച് ഡ്രിബിള്‍ ചെയ്ത് മുന്നേറി കൂട്ടുകാരനൊരു ഒരു തകര്‍പ്പന്‍ പാസ്. കാസര്‍ഗോട്ടെ പരപ്പയില്‍ വെള്ളം നിറഞ്ഞ മൈതാനത്ത് പന്ത്രണ്ടു വയസ്സുകാരന് മെഹ്റൂഫിന്റെ തകര്‍പ്പന്‍ കളി ഇന്‍സ്റ്റാഗ്രാമില്‍ തകര്‍ത്തപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ താരത്തിന്റെ ആരാധകനായി മാറിയവരില്‍ ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം ഹ്യൂമേട്ടനും.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാന്‍ ഗ്രൂപ്പായ കെബിഎഫ്സി മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ മെഹ്റൂഫിന്റെ വീഡിയോ കണ്ട് ഈ കുഞ്ഞിനെ ഇപ്പോള്‍ തന്നെ ടീമിലെത്തിക്കൂ എന്ന് ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് താരം. ഒരു ഒഴിവുദിവസം കൂട്ടുകാരോടൊപ്പം വെറുതേ മഴയത്ത് ഫുട്ബോള്‍ കളിക്കാനിറങ്ങിയതാണ് മെഹ്റൂഫ്. ഡച്ച്-സ്പാനിഷ് ഫുട്ബോളറും ഡല്‍ഹി ഡൈനാമോസിന്റെ താരവുമായിരുന്ന ഹാന്‍സ് മള്‍ഡറും മെഹ്റൂഫിന്റെ കളി കണ്ടു ത്രില്ലടിച്ചു. ഫുട്ബോള്ഇന്ത്യ.കോ.ഇന്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജ് വഴിയാണ് ഹാന്‍സ് മള്‍ഡര്‍ മെഹ്റൂഫിനെ കണ്ടത്.
കുട്ടിത്താരത്തിന് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടോ എന്ന് മള്‍ഡര്‍ ചോദിച്ചതും ഒട്ടും വൈകാതെ കൂട്ടുകാര്‍ മെഹ്റൂഫിനായി പുതിയ ഇന്‍സ്റ്റഗ്രാം പേജും തുടങ്ങി. മഹ്റൂഫ് പരപ്പ എന്ന പേരിലുള്ള ഈ പേജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ഫോളോവേഴ്സിന്റെ എണ്ണം അഞ്ഞൂറ് കടന്നു. കേരളത്തിന്റെ മെസി എന്നാണ് താരത്തിന് ഇപ്പോള്‍ വിശേഷണം. മഴയത്ത് ചെളിവെള്ളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന മെഹ്റൂഫിന്റെ വീഡിയോയാണ് ഹിറ്റായത്. വെള്ളം നിറഞ്ഞ മൈതാനത്ത് നാല് പേരെ മറികടന്ന് താരം ഒരുക്കിയ ഗോളവസരം കൂട്ടുകാരന് ഗോളാക്കി മാറ്റുന്നുണ്ട്.






