
വാഷിംഗ്ടണ്‍: ക്ളബ്ബ് വിടാന്‍ പരിശീലകന് സിനഡിന് സിഡാന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആക്ഷേപിക്കുമ്പോള്‍ റയലിന് വേണ്ടി വിജയഗോളടിച്ച് റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് താരം ഗെരത് ബെയ്ല്. സ്പെയിനില്‍ ഭാവി അനിശ്ചിതത്വത്തില്‍ നില്ക്കുമ്പോള് ഗെയ്ലിന്റെ ഗോളില്‍ റയല്‍മാഡ്രിഡ് ഇംഗ്ളണ്ട് ക്ളബ്ബ് ആഴ്സണലിനെയാണ് പരാജയപ്പെടുത്തിയത്്. അമേരിക്കയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ആഴ്സണലിനെ 2-3 നായിരുന്നു റയല്‍ തോല്‍പ്പിച്ചത്.
സാധാരണ സമയത്ത് ഇരുടീമും രണ്ടു ഗോള്‍ വീതം നേടി സമനിലയിലായ മത്സരം ഷൂട്ടൗട്ടിലാണ് വിധി നിര്‍ണ്ണയിച്ചത്. ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പിലെ രണ്ടാം പകുതിയിലായിരുന്നു ബെയ്ലിന്റെ ഗോള്‍. തിങ്കളാഴ്ച ജര്മ്മന്ചാമ്പ്യന്മാരായ ബയേണിനെതിരേ നടന്ന മത്സരത്തില്‍ റയല്‍ 3-1 ന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ ബെയ്ല് കളിച്ചിരുന്നില്ല. റയലില്‍ ബെയ്ലിന്റെ കാര്യം ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. കഴിയുമെങ്കില്‍ എത്രയും വേഗം ബെയ്ല് ക്ളബ്ബ് വിടണമെന്ന് കഴിഞ്ഞയാഴ്ച അവസാനം സിഡാന് പറഞ്ഞിരുന്നു.
അതേസമയം ആറു വര്‍ഷം മുമ്പ് ടോട്ടന്‍ഹാമില്‍ നിന്നും എത്തിയ ശേഷം നാലു ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും ഒരു ലാലിഗ കിരീടവും നേടാന്‍ സഹായിച്ച താരത്തെക്കുറിച്ചുള്ള സിഡാന്റെ പ്രസ്താവനകള്‍ ബഹുമാനമില്ലാത്തതാണ് എന്ന് ബെയ്ലിന്റെ ഏജന്റ് പ്രതികരിച്ചിരുന്നു. ചൊവ്വാഴ്ചത്തെ മത്സരത്തില്‍ രണ്ടാം പകുതിയിലായിരുന്നു ബെയ്ല് കളിക്കിറങ്ങിയത്. വന്നപാടെ ഗോളുമടിച്ചു.
കളിയുടെ പത്താം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി മുതലാക്കി അലക്സാണ്ടര്‍ ലക്കാസേറ്റ് ആഴ്സണലിനെ മുന്നില്‍ എത്തിച്ചിരുന്നു. തൊട്ടു പിന്നാലെ പിയറി എംറിക് ഔബമേയാംഗിന്റെ ഗോളില്‍ അവര്‍ ലീഡ് എടുക്കുകയും ചെയ്തു. ഈ സമയം ഇരു ടീമും പത്തുപേരായി ചുരുങ്ങിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ കളത്തിലെത്തിയ ബെയ്ല് 56 ാം മിനിറ്റില്‍ റയലിനായി ആദ്യഗോള്‍ നേടി. മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോള്‍ മാര്‍കോ അസെന്‍സിയോ റയലിനെ ഒപ്പമെത്തിച്ചു. അതേസമയം സാധാരണ സമയത്തെ ഭാഗ്യം ബെയ്ലിനെ ഷൂട്ടൗട്ടില്‍ തുണച്ചില്ല. ഷൂട്ടൗട്ടിനായി ആദ്യമെത്തിയ ബെയ്ലിന്റെ ഷോട്ട് ഗോളി സേവ് ചെയ്തു. ഇരു ടീമുകളും രണ്ടാം പകുതി മുഴുവന്‍ പത്തുപേരുമായിട്ടാണ് കളിച്ചത്.
പത്താം മിനിറ്റില്‍ റയലിന്റെ നാച്ചോ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോയപ്പോള്‍ ആഴ്സണലിന്റെ സോക്രട്ടീസും ചുവപ്പു കാര്‍ഡ് കണ്ട് 40 ാം മിനിറ്റില്‍ പുറത്ത് പോയി. അതേസമയം ഗോളടിച്ചതൊന്നും താരത്തെ ടീമില്‍ നിര്‍ത്താന്‍ കാരണമാകുന്നില്ലെന്നാണ് മത്സരത്തിന് ശേഷം സിനഡിന് സിഡാന് പ്രതികരിച്ചത്. ബെയ്ല് ചൈനീസ് ലീഗിലേക്ക് പോയേക്കുമെന്ന് ശ്രുതിയുണ്ട്.


