
ഹൂസ്റ്റണ്‍: അമേരിക്കയില്‍ മലയാളി ദമ്പതികളുടെ ദത്തുപുത്രി ഷെറിന് മാത്യൂസ് (മൂന്ന് ) കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരനായ വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസിന്റെ് (39) ശിക്ഷ ആരംഭിച്ചു. കേസില്‍ കോടതി വെസ്ലിയെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരുന്നത്. ഡാലസ് ജയിലിലാണ് വെസ്ലി ശിക്ഷാ കാലയളവ് തള്ളിനീക്കുക.
പാലുകുടിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ഷെറിനെ പിതാവ് കൊലപ്പെടുത്തിയത്. 2017 ഒക്ടോബര്‍ ഏഴിന് കാണാതായ ഷെറിന്റെ മൃതദേഹം 15 ദിവസങ്ങള്‍ക്കു ശേഷം അഴുകിയ നിലയില്‍ വീട്ടില്‍ നിന്നും അകലെയുള്ള ഒരു കലുങ്കിനടയില്‍ കണ്ടെത്തിയത്. വളര്‍ത്തുപിതാവ് തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയ ഡാലസ് കോടതി ഇക്കഴിഞ്ഞ ജൂണ്‍ 24നാണ് ശിക്ഷ വിധിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ 12.58 ഓടെ വെസ്ലി മാത്യുസിനെ ഡാലസ് കൗണ്ടി ജയിലിലേക്ക് മാറ്റിയതാലി കൗണ്ടി ഷെരീഫ് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, കൗണ്ടി കോടതിയുടെ വിചാരണ നീതിരഹിതമാണെന്നും പുനര്‍വിചാരണ വേണമെന്നും ആവശ്യപ്പെട്ട് വെസ്ലി നല്കിയ അപ്പീല്‍ പരിഗണനയിലുണ്ട്.
കേസില്‍ വെസ്ലിയുടെ ഭാര്യ സിനി മാത്യൂസിനെയും പ്രതിചേര്‍ത്തുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയക്കുകയായിരുന്നു. 2016ലാണ് ബിഹാറിലെ നളന്ദയിലുള്ള ഒരു അനാഥാലയത്തില്‍ നിന്ന് വെസ്ലിയും സിനിയും ഷെറിനെ ദത്തെടുത്തത്.






