ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എ.ഐ.വൈ.എഫ് നേതാക്കളായ ജയേഷ്, ഷിജു എന്നിവരെയും കിസാന്‍ സഭ നേതാവ് കൃഷ്ണകുമാറിനെയുമാണ് സി.പി.ഐ പുറത്താക്കിയത്. കാനത്തിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പാര്‍ട്ടിയുടെ പരാതിയില്‍ ജയേഷ്, ഷിജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും സഞ്ചരിച്ച വാഹനം ഓടിച്ച കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ ഒളിവിലാണ്.
അമ്പലപ്പുഴ സ്വദേശി അനന്തു മഹേശന്റെ ഉടമസ്ഥതയിലുള്ള കാറിലാണ് പ്രതികള്‍ സഞ്ചരിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവ സമയത്ത് അനന്തുവല്ല കാറോടിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സി.പി.ഐയുടെ പാര്‍ട്ടി ഓഫീസിന് മുന്നിലും രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പോസ്റ്റര്‍ പതിച്ചത്. സി.പി.ഐ തിരുത്തല്‍വാദികള്‍ എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്. പോസ്റ്ററില്‍ എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്കും കെ. രാജുവിനും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടായിരുന്നു കാനത്തിനെതിരായ പോസ്റ്റര്‍.






