
ബെംഗളുരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ അല്പസമയത്തിനകം വിശ്വാസവോട്ട് തേടും. ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് അദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 100 ശതമാനം ഭൂരിപക്ഷം തെളിയിക്കുമെന്ന് വോട്ടെടുപ്പിന് മുന്നോടിയായി യെഡിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.
വോട്ടെടുപ്പിന് മുന്നോടിയായി 105 എംഎല്‍എമാര്‍ക്കും ബിജെപി വിപ്പ് നല്കി. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരാക്കപ്പെട്ട വിമത എംഎല്‍എമാര്‍ ബെംഗളുരുവില്‍ തിരിച്ചെത്തി. മുംബൈയില്‍ കഴിഞ്ഞിരുന്ന വിമതരില്‍ അഞ്ചുപേരാണ് ഇന്ന് രാവിലെ ബെംഗളുരൂവില്‍ വിമാനമിറങ്ങിയത്. അയോഗ്യരാക്കപ്പെട്ട വിതമതര്ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല.
17 വിമത എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. 104പിന്തുണയാണ് വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കാന്‍ വേണ്ടത്. ബിജെപിക്ക് നിലവില്‍ 105 എംഎല്‍എമാരുണ്ട്. ഇതിനു പുറമെ ഒരു സ്വതന്ത്രനും പിന്തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. നിലവിലെ സാഹചര്യത്തില്‍ യെഡിയൂരപ്പ സര്‍ക്കാരിന് ഭീഷണിയില്ല.






