
തിരുവനന്തപുരം: രാഖി വധക്കേസില്‍ മുഖ്യപ്രതി അഖിലിനെ അമ്പൂരിയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. രാഖിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സ്ഥലവും കൊലപാതകത്തിനു ശേഷം കാര്‍ കഴുകിയ സ്ഥലവും അഖില്‍ പോലീസിന് കാണിച്ചുകൊടുത്തു. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച കയര്‍ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനിടയിലായിരുന്നു തെളിവെടുപ്പ്.
കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും അവരെയും അറസ്റ്റു ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഏറെനേരം പോലീസ് വാഹനം നാട്ടുകാര്‍ തടഞ്ഞുവച്ചു. ജനക്കൂട്ടത്തെ മാറ്റിയ ശേഷം അഖിലിനെ പുറത്തിറക്കിയപ്പോള്‍ അഖിലിനു നേരെ കല്ലേറുണ്ടായി.
കേസില്‍ ശനിയാഴ്ചയാണ് അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അഖിലിന്റെ സഹോദരന് രാഹുലിനെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് സഹായം ചെയ്ത സുഹൃത്തിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ജൂണ്‍ 21നാണ് കൊച്ചിയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോയ രാഖിയെ കാണാതായത്. രാഖിയുടെ പിതാവ് പോലീസിന് പരാതി നല്‍കിയെങ്കിലും അന്വേഷണം എങ്ങമെത്തിയില്ല. ഇതോടെ പിതാവ് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്കി. കോടതി ഇടപെടലോടെയാണ് കാണ്മാനില്ലെന്ന പരാതിയായി എഴുതിതള്ളിപ്പെടാവുന്ന ക്രൂരമായ കൊലപാതകം പുറത്തുവന്നത്.
ജൂണ്‍ 21ന് നെയ്യാറ്റിന്‍കരയില്‍ അഖിലിനൊപ്പം പോയ പെണ്‍കുട്ടിയെ അഖിലും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. അഖിലിന്റെ വിവാഹത്തിന് തടസ്സം നിന്നതായിരുന്നു കാരണം. ജൂലായ് 23നാണ് മൃതദേഹം കുഴിച്ചിട്ടിരുന്ന സ്ഥലത്തുനിന്ന് പുറത്തെടുത്തത്.
കൊലപാതകത്തിനു ശേഷം ജോലി സ്ഥലത്തേക്ക് എന്നുപറഞ്ഞുപോയ അഖില്‍ പോലീസ് അന്വേഷണം ശക്തമാക്കിയതോടെ നാട്ടിലേക്ക് മടങ്ങുകയും വിമാനത്താവളത്തില്‍ വച്ച് പിടിയിലാവുകയുമായിരുന്നു.






