
മുംബൈ : ബീഹാര്‍ സ്വദേശിനി നല്കിയ പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്കായി രക്ത സാമ്പിളുകള്‍ നല്കി. കലീനയിലെ ഫോറന്‍സിക് ലാബില്‍ നല്‍കിയിരിക്കുന്ന രക്തസാമ്പിളിന്റെ പരിശോധനാ ഫലം രണ്ടാഴ്ചക്കുള്ളില്‍ പുറത്തു വരും.
ഡിഎന്‍എ പരിശോധനയിലൂടെ സത്യം തെളിയുമെന്ന് ബിനോയ് കോടിയേരി പ്രതികരിച്ചു. വിവാഹ വാഗ്ദാനം നല്കി ലൈംഗീകമായ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആര് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബിനോയ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെ കോടതി പരിഗണിച്ചത്.
ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളുകള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്ന് ആയിരുന്നു പോലീസിന്റെ വാദം. ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, രക്തസാമ്പിള്‍ നല്കാന് ബിനോയി വിസമ്മതിച്ചെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ ഡിഎന്‍എ പരിശോധനാ ഫലം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചത്.
രക്തസാമ്പിള്‍ ആവശ്യപ്പെട്ടപ്പോള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നായിരുന്നു ബിനോയിയുടെ വാദം. പിന്നീട് ഹൈക്കോടതിയില്‍ ഹര്‍ജി പരിഗണിക്കാനുണ്ടെന്ന കാരണം പറഞ്ഞും ബിനോയി ഡിഎന്എഎ പരിശോധനയില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നു.






