ബംഗളുരു: കാണാതായ കഫെ കോഫീ ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയെ ആദായ നികുതി വകുപ്പ് വേട്ടയാടിയെന്ന് ആരോപണം. സിദ്ധാര്‍ത്ഥ കുടുംബാംഗങ്ങള്‍ക്കും കഫെ കോഫീ ഡേ ജീവനക്കാര്‍ക്കും എഴുതിയ കത്തിലാണ് ഇത് സംബന്ധിച്ച സുചനകള്‍.
എന്നാല്‍ ആദായ നികുതി വകുപ്പ് ആരോപണം നിഷേധിച്ചു. സിദ്ധാര്‍ത്ഥയ്ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സിദ്ധാര്‍ത്ഥയുടെ പേരില്‍ പുറത്തുവന്ന കത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും ആദായ നികുതി വകുപ്പ് പ്രതികരിച്ചു. സിദ്ധാര്‍ത്ഥയുടെ ആരോപണം പുറത്തുവന്നതോടെ വാര്‍ത്താ കുറിപ്പിലൂടെയാണ് ആദായ നികുതി വകുപ്പ് പ്രതികരിച്ചത്.
കര്‍ണാടകയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥയിലേക്ക് അന്വേഷണം എത്തിയതെന്ന് ആദായ നികുതി വകുപ്പ് വെളിപ്പെടുത്തി. 480 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത വരുമാനം ഉണ്ടാക്കിയെന്ന് സിദ്ധാര്‍ത്ഥ സമ്മതിച്ചിരുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഓഹരി വ്യാപാരം തടസപ്പെടുത്തിയതിനാല്‍ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാനാകാത്ത നിലയിലാണെന്ന് സിദ്ധാര്‍ത്ഥ ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓഹരി ഇടപാടുകള്‍ തടസപ്പെടുത്തിയിട്ടില്ലെന്നും ഉപാധികള്‍ വച്ച് ഇടപാടുകള്‍ക്ക് അനുമതി നല്‍കിയിരുന്നതായും ആദായ നികുതി വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചു.
മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ ബി.ജെ.പി നേതാവുമായ എസ്.എം കൃഷ്ണയുടെ മരുമകനാണ് കാണാതായ വി.ജി സിദ്ധാര്‍ത്ഥ. ഇന്നലെയാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. നേത്രാവതി നദിക്ക് സമീപം എത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ കാറില്‍ നിന്നിറങ്ങി നടക്കുകയായിരുന്നെന്ന് ഡ്രൈവര്‍ മൊഴി നല്കി. തിരികെ വരാമെന്ന് പറഞ്ഞ് പോയി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവര്‍ കുടുംബാംഗങ്ങളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
1996ല്‍ സിദ്ധാര്‍ത്ഥ് ബംഗളുരുവില്‍ ആരംഭിച്ച ബ്രാന്‍ഡാണ് കഫെ കോഫി ഡേ. ഇന്ന് രാജ്യമെങ്ങും വ്യാപിച്ചുകിടക്കുന്ന ബ്രാന്‍ഡാണ് കഫെ കോഫി ഡേ. എന്നാല്‍ സംരംഭകനെന്ന നിലയില്‍ പരാജയപ്പെട്ടുവെന്നാണ് സിദ്ധാര്‍ത്ഥ് കുടുംബാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത്. 7000 കോടി രൂപയുടെ കടബാധ്യയുണ്ടെന്നും സൂചനകളുണ്ട്.






