
ലക്നൗ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജീവനില്‍ ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിനും ഭരണകൂടത്തിനും 35 ലധികം പരാതികള്‍ നല്‍കിയെന്ന് ഉന്നാവോ പീഡനക്കേസ് ഇരയുടെ ബന്ധുക്കള്‍. ബലാത്സംഗക്കേസില്‍ ജയിലില്‍ കിടക്കുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ കൊന്നു കളയുമെന്ന് നിരന്തരം ഭയപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് പരാതി.
കളിഞ്ഞ വര്‍ഷം സിബിഐ കേസ് ഏറ്റെടുക്കുകയും എംഎല്‍എ അറസ്റ്റിലാകുകയും ജയിലില്‍ പിടിച്ചടപ്പെടുകയും ചെയ്തതോടെയാണ് വധഭീഷണി ശക്തമായത്. തുടര്‍ച്ചയായുണ്ടായ ഭീഷണിയുടെ നിഴലിലായിരുന്നു കുടുംബം. പെണ്‍കുട്ടിയും മാതാപിതാക്കളും ഉന്നാവോ ജില്ലയിലെ വീടുപേക്ഷിച്ചു പോകാന്‍ കാരണം ഇതായിരുന്നു എന്നും ഇവര്‍ പറയുന്നു. സെന്‍ഗാറില്‍ നിന്നും ഭീഷണിയുണ്ടെന്ന് കാണിച്ച് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിക്ക് പെണ്‍കുട്ടി കത്തയച്ചിരുന്നതായി വീട്ടുകാരുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് അനേകം പരാതികള്‍ പോലീസിനും നല്‍കിയിരുന്നതായുള്ള വിവരം പുറത്തു വന്നത്. വന്‍ വിവാദമായി മാറിയതോടെ ലക്നൗ റേഞ്ച് ഐജിപി ഈ പരാതികള്‍ ജില്ലാ ഭരണകൂടത്തിന് അയച്ചിട്ടുണ്ട്. ഇതില്‍ 33 പരാതികള്‍ കിട്ടിയിരുന്നതായി ഉന്നാവോ എസ്പി എംപി വര്‍മ സമ്മതിച്ചു.
ആക്ഷേപം പരിശോധിക്കുമെന്നാണ് ഡിഐജിയുടെ മറുപടി. കഴിഞ്ഞ ഒരു വര്‍ഷം ഇവര്‍ നല്കിയ പരാതിയെല്ലാം പരിശോധിക്കും. മതിയായ നടപടി എടുക്കാതിരുന്നവര്‍ ആരായാലും നടപടിക്ക് വിധേയമാകുമെന്നും പറഞ്ഞു. പരാതികള്‍ റജിസ്ട്രേഡ് പോസ്റ്റായി അയയ്ക്കുകയും സര്‍ക്കാരിന്റെ ഐജിആര്‍എസ് സംവിധാനത്തില്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. ചിലപ്പോഴെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്‍ എത്തിയാണ് സെന്‍ഗാറിന്റെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയിരുന്നതെന്നും ഇതിന്റെ രംഗം മൊബൈലില്‍ ചിത്രീകരിച്ച് പോലീസിനെ കാണിച്ചിട്ടും കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടംബം ആരോപിക്കുന്നത്.






