ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മുന്‍ മന്ത്രിയുമായിരുന്ന നവജ്യോത് സിങ് സിദ്ധുവിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. അന്തരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഷീല ദീക്ഷിതിന്റെ വിടവിലേക്കാണ് സിദ്ധുവിനെ പരിഗണിക്കുന്നത്.
രാജ്യ തലസ്ഥാനമായ ന്യഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ളപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും പ്രചരണങ്ങള്‍ ആരംഭിച്ചതാണ് ഇത്തരത്തില്‍ ചിന്തിക്കുന്നതിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ സിദ്ധു കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് പുതിയ പദവിയെക്കുറിച്ച് സംസാരമുണ്ടായത്. എന്നാല്‍, ഇതിനെക്കുറിച്ച് ആലോചിക്കുന്നതിന് സമയം ചോദിച്ച സിദ്ധു കഴിഞ്ഞദിവസം ഹൈക്കമാന്‍ഡിനെ വിളിച്ച് സമ്മദം അറിയിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായുള്ള അഭിപ്രായ വിത്യാസത്തെതുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സിദ്ധു തന്റെ മണ്ഡലമായ അമൃത്സറിലെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. തനിക്കുണ്ടായിരുന്ന സുപ്രധാന വകുപ്പുകള്‍ എടുത്തുമാറ്റിയതിനെത്തുടര്ന്നാണ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജി വച്ചത്.
എന്നാല്‍, ഇത്തരത്തില്‍ ചര്‍ച്ച തനിക്കറിയില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള പി.സി. ചാക്കോ അറിയിച്ചു. ഡല്‍ഹിയുടെ ചുമതലയ്ക്കായുള്ള പിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിനായുള്ള യോഗമൊന്നും നടന്നിട്ടില്ലെന്നും ചാക്കോ മാധ്യമങ്ങളോട് വ്യക്തമാക്കി.






