
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് തന്നെയാണെന്ന് പോലീസിന്റെ സ്ഥിരീകരണം. സാധ്യമായ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ശ്രറാമിനെ പ്രതിചേര്‍ത്തതെന്ന് ഡി.സി.പി വ്യക്തമാക്കി. വാഹനമോടിച്ചത് ശ്രീറാം തന്നെയാണെന്ന് ഒപ്പമുണ്ടായിരുന്ന വിഫ ഫിറോസ് എന്ന യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വാഹനമോടിച്ചത് ശ്രീറാം ആയിരുന്നുവെന്നും അദ്ദേഹം മദ്യലഹരിയില്‍ ആയിരുന്നുവെന്നും ദൃക്സാക്ഷികളും മൊഴി നല്‍കിയിരുന്നു. ഇതിനു ശേഷമാണ് ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചത്.
എന്നാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാം, താനല്ല യുവതിയാണെന്ന മൊഴിയാണ് ആവര്‍ത്തിക്കുന്നത്. ശ്രീറാമിന്റെ രക്തപരിശോധന ഫലം കൂടി പുറത്തുവന്നാലെ കേസിന്റെ ഗതി എങ്ങനെയാകുമെന്നാണ് കണ്ടറിയാന്‍ കഴിയൂ. തുടക്കം മുതല്‍ ശ്രീറാമിനെയും യുവതിയെയും സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചുവന്നിരുന്നത്.
മദ്യപിച്ച് വാഹനമോടിച്ചുവെന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാത്ത വകുപ്പാണ്. പുതിയ ട്രാഫിക് നിയമം അനുസരിച്ച് കടുത്ത ശിക്ഷ തന്നെയാണ് പ്രതികള്‍ക്ക് ലഭിക്കുക. മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് വ്യക്തമായാല്‍ സെക്ഷന്‍ 304 പ്രകാരം കേസെടുക്കേണ്ടിവരും. എന്നാല്‍ മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ 304(എ) പ്രകാരമായിരിക്കും കേസ്. ഈ വകുപ്പ് ചേര്‍ത്താല്‍ സ്റ്റേഷന് ജാമ്യമോ കോടതിയില്‍ നിന്നുള്ള ജാമ്യമോ ലഭിക്കാന്‍ സാധ്യത ഏറെയാണ്.
അപകടം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞതിനാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയേറി. ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതും രക്തസാംപിള്‍ പരിശോധന വൈകിയതും ഐഎഎസ് ലോബിയുടെ ഇടപെടലും കേസ് അട്ടിമറിക്കാനുള്ള സാധ്യതയാണ് കാണിക്കുന്നത്.






