തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യലഹരിയില്‍ അമിതവേഗതയിലോടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.മുഹമ്മദ് ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ വൈകിയാണെങ്കിലും കര്‍ശന നടപടിക്ക് തയ്യാറായി സര്‍ക്കാര്‍. കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് ബോധ്യപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ ഡി.ജി.പി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304ാം വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ജീവപര്യന്തമോ 10 വര്‍ഷം തടവോ ലഭിക്കാവുന്ന കുറ്റമാണിത്. ഇതോടെ ശ്രീറാമിനെ സര്‍വീസില്‍ നിന്നും സസ്പെന്റു ചെയ്യും. ശ്രീറാമിനെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യം പോലീസ് എടുത്തിരുന്നത്. ഇതില്‍ പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചത്.
പ്രതിചേര്‍ത്തശേഷം ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ശ്രീറാമിന്റെ കൈക്കുള്ള പരിക്ക് ഗുരുതരമല്ലെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ ശ്രീറാം റിമാന്‍ഡിലാകും.
സംഭവത്തില്‍ വഫ ഫിറോസിന്റെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്നാണ് യുവതിയെ വഞ്ചിയൂര്‍ കോടതിയില്‍ എത്തിച്ചത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിന്റെ തുടര്‍നാളുകളില്‍ വഫ ഫിറോസ് മൊഴിമാറ്റാനുള്ള സാധ്യത കൂടി മുന്നില്‍കണ്ടാണ് ഈ നടപടി. കവടിയാറില്‍ നിന്നും കാറില്‍ കയറുന്ന സമയത്ത് ശ്രീറാം തന്റെ കയ്യില്‍ നിന്നും കാറിന്റെ താക്കോല്‍ വാങ്ങിയെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു.
വഫയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം ആദ്യം പറഞ്ഞിരുന്നത്. ഈ മൊഴി വഫയും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ സ്റ്റേഷനില്‍ എത്തിച്ച് വീണ്ടും മൊഴിയെടുത്തതോടെയാണ് ശ്രീറാം ആണ് വാഹനം ഓടിച്ചിരുന്നതെന്നും മദ്യപിച്ച നിലയിലായിരുന്നു ശ്രീറാം എന്നും വ്യക്തമാക്കിയത്.
ദേവികുളം സബ്കലക്ടര്‍ ആയിരിക്കേ കയ്യേറ്റ മാഫിയയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ശ്രീറാം ഭരണകക്ഷിയുടെ കണ്ണിലെ കരട് ആയിരുന്നു. അന്നു മുതല്‍ മന്ത്രി എം.എം മണി അടക്കമുള്ളവര്‍ ശ്രീറാമിനെതിരെ രംഗത്തുവന്നിരുന്നു. സര്‍വ്വേ വകുപ്പിലേക്ക് ഒതുക്കിയ ശ്രീറാമിനെ ഈ കേസോടെ സര്‍ക്കാര്‍ പൂട്ടിക്കെട്ടും.
[






