മദ്യലഹരിയില്‍ കാറിടിപ്പിച്ച് കൊല: ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍
മദ്യലഹരിയില്‍ കാറിടിപ്പിച്ച് കൊല: ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍
Authored by Web Desk | Last updated: 03 Aug 2019, 5:55 PM | 1 min read
പത്തു വര്‍ഷമോ ജീവപര്യന്തമോ വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. 30 ദിവസമെങ്കിലും കഴിയാതെ ജാമ്യം പോലും ലഭിക്കില്ല.
തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ യുവ ഐ.എ.എസ് ഓഫീസര്‍ അറസ്റ്റില്‍. സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് വൈകിട്ട് അഞ്ചരയോടെയാണ് പോലീസ് രേഖപ്പെടുത്തിയത്. ശ്രീറാം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മദ്യപിച്ച് അമിതവേഗതയില്‍ വാഹനം ഓടിച്ച് ആളപായം വരുത്തി വച്ചതിന് സെക്ഷന്‍ 304 പ്രകാരം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മനഃപൂര്‍വ്വമായ നരഹത്യ, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അപകടസമയത്ത് കാറില്‍ ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന മോഡല്‍ വഫ ഫിറോസിന്റെ രഹസ്യമൊഴിയുടെയും മറ്റ് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നത്.
മജിസ്ട്രേറ്റിനെ കോടതിയില്‍ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്താനാണ് പോലീസ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ ഉള്ളതിനാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടുമായി എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പത്തു വര്‍ഷമോ ജീവപര്യന്തമോ വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്. 30 ദിവസമെങ്കിലും കഴിയാതെ ജാമ്യം പോലും ലഭിക്കില്ല.
വഫ ഫിറോസ് പോലീസിനും മജിസ്ട്രേറ്റിനു നല്കിയ രഹസ്യമൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. അഞ്ചു പേജുള്ള രഹസ്യമൊഴിയാണ് യുവതി നല്‍കിയിരിക്കുന്നത്. മദ്യലഹരിയില്‍ ശ്രീറാം തന്നെയാണ് വാഹനമോടിച്ചതെന്ന് വ്യക്തമാക്കുന്ന മൊഴി യുവതി നല്‍കിയെന്നാണ് സൂചന.
അപകടമുണ്ടാക്കിയത് ഐഎഎസ് ഓഫീസര്‍ ആണെന്ന് ബോധ്യമായതോടെ ആദ്യം യുവതിയാണ് വാഹനമോടിച്ചതെന്ന് വരുത്തിതീര്‍ത്ത് അവരുടെ രക്തപരിശോധന നടത്തി ശ്രീറാമിനെ രക്ഷപ്പെടുത്താനുള്ള നീക്കം പോലീസ് നടത്തിയിരുന്നു. എന്നാല്‍ സംഭവത്തിന്റെ ദൃക്സാക്ഷികള്‍ അടക്കം മാധ്യമങ്ങളിലുടെ വെളിപ്പെടുത്തല്‍ നടത്തിയതോടെ പോലീസിന് ശ്രീറാമിനെ പ്രതിചേര്‍ക്കാതെ മറ്റു മാര്‍ഗമില്ലാതായി. കേസിന്റെ ഗൗരവം മനസ്സിലാക്കിയതോടെ യുവതിയും സത്യാവസ്ഥ വെളിപ്പെടുത്തി.
ശ്രീറാമിന്റെ രക്തപരിശോധന നടത്താതെ വിട്ടയച്ച പോലീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനുള്ള സൗകര്യവും ഒരുക്കി നല്കി. തെളിവുകള്‍ പരമാവധി നശിക്കാന്‍ ഒമ്പത് മണിക്കൂര്‍ കഴിഞ്ഞാണ് രക്തപരിശോധനയ്ക്ക് സാംപിള്‍ പോലും എടുക്കാന്‍ തയ്യാറായത്. മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി അടക്കമുള്ളവരുടെ ഇടപെടലാണ് ശ്രീറാമിന് വിലങ്ങുവീഴാന്‍ ഇടയാക്കിയത്.
അപകടസ്ഥലത്തുനിന്നും ശ്രീറാമിനെ വിട്ടയച്ചതില്‍ ഡി.ജി.പി അടക്കമുള്ളവരില്‍ നിന്നും മനുഷ്യാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.