
ബെംഗളൂരു: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപറ്റി ചിന്തിക്കുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമി. താന്‍ ആകസ്മികമായിട്ടാണ് രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രിയായതും അങ്ങനെ തന്നെയെന്നും അദ്ദേഹം പറഞ്ഞു.
'രണ്ടു തവണ മുഖ്യമന്ത്രിയാകാന്‍ ദൈവം അവസരം നല്കി. രണ്ടു തവണയും ആരേയും തൃപ്തിപെടുത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ 14 മാസം കൊണ്ട് സംസ്ഥാനത്തിനു വേണ്ടി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്' കുമാരസ്വാമി പറഞ്ഞു.
'ഇന്നത്തെ രാഷ്ട്രീയം എവിടേക്കാണ് പോകുന്നതെന്ന് നിരീക്ഷിച്ച് വരികയാണ്. ജാതി ഭ്രമമാണ് നടക്കുന്നത്. തന്റെ കുടുംബത്തെ ഇതിലേക്ക് കൊണ്ടുവരരുട്. കുടുംബത്തോടൊപ്പം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അധികാരത്തിലിരുന്നപ്പോള്‍ നല്ലത് ചെയ്തു. അത് ജനങ്ങളുടെ ഹൃദയത്തിലുണ്ടാകും.'
കഴിഞ്ഞ ആഴ്ചയാണ് കുമാരസ്വാമിക്ക് അധികാരം നഷ്ടപ്പെട്ടത്. 14 മാസം കോണ്‍ഗ്രസ്സ്- ജെ.ഡി.എസ് സഖ്യത്തില്‍ അധികാരത്തില്‍ തുടര്‍ന്ന ഇദ്ദേഹം വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.






