
ഉജ്ജയ്ന്‍: ദളിതര്‍ക്കെതിരേ സാമൂഹ്യ വിവേചനത്തിന് പേരുകേട്ട മദ്ധ്യപ്രദേശില്‍ മറ്റൊരു ഗ്രാമത്തിലും ദളിത് സമൂഹത്തിന് ബഹിഷ്ക്കരണം. ഉജ്ജയിന്‍ ജില്ലയിലെ മഹിദ്പൂര്‍ താലൂക്കിലെ ഖുണ്ഡിഖേഡ ഗ്രാമത്തിലാണ് ദളിതന് വിവാഹഘോഷയാത്ര നടത്തിയതിന്റെ പേരില്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ഗ്രാമത്തിലെ കിണറില്‍ നിന്നും വെള്ളമെടുക്കാനോ ധാന്യം പൊടിക്കാന്‍ മില്ല് ഉപയോഗിക്കാനോ കടകളില്‍ നിന്നും നിത്യോപയോഗ സാധനം വാങ്ങാനോ കിലോമീറ്റര്‍ താണ്ടേണ്ട സ്ഥിതിയായി. സംഭവം വിവാദമായി പ്രാദേശിക ഭരണകൂടം ഇടപെട്ടതോടെ ഊരുവിലക്ക് 15 ദിവസത്തേക്കായി ചുരുക്കിയിട്ടുണ്ട്.
ഗ്രാമത്തില്‍ ഒരു ദളിത് യുവാവിന്റെ വിവാഹത്തിന് ഘോഷയാത്ര നടത്തിയതാണ് സവര്‍ണ്ണരെ ചൊടിപ്പിച്ചത്. പിറ്റേന്ന് തന്നെ സവര്‍ണ്ണരുടെ സംഘടനയായ സവര്‍ണ്ണ സമാജ് ഗ്രാമത്തിലെ രാമകൃഷ്ണ ക്ഷേത്രത്തിലേക്ക് ഗ്രാമീണരെ വിളിച്ച കൂട്ടുകയും ദളിതര്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിക്കുകയുമായിരുന്നു. ഇതോടെ ഗ്രാമീണര്‍ക്ക് വെള്ളം കോരണമെങ്കില്‍ നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണമെന്ന സ്ഥിതിയായി. ഗ്രാമത്തിലെ ഫ്ളവര്‍ മില്ലില്‍ കേറ്റാത്തതിനാല്‍ ഗോതമ്പ് പൊടിക്കാനും നെല്ലു കുത്താനും 20 കിലോമീറ്റര്‍ അകലെയുള്ള മില്ലില്‍ പോകണമെന്നായി. സവര്‍ണ്ണ സമൂഹത്തെ ആശ്രയിച്ച് ജോലി ചെയ്യുന്നവരായതിനാല്‍ ഇവര്‍ക്ക് പണി പോലും കിട്ടാത്ത സ്ഥിതിയായി. സാധാരണഗതിയില്‍ സവര്‍ണ്ണര്‍ക്ക് ഭൂരിപക്ഷമുള്ള ഗ്രാമമാണ് ഖുണ്ഡിഖേഡ. സവര്‍ണ്ണസമുദായത്തിലെ 350 വീടുകളും ദളിത് വിഭാഗത്തില്‍ പെടുന്ന 50 വീടുകളുമാണ് ഇവിടെയുള്ളത്. 15 ദിവസത്തെ ഊരുവിലക്ക് ഭീകരമാണെന്നാണ് ദളിതര്‍ പറയുന്നത്. ഊരുവിലക്ക് വന്നതോടെ ഇവരുമായുള്ള എല്ലാ സാമൂഹ്യ ബന്ധങ്ങളും സവര്‍ണ്ണര്‍ ഇല്ലാതാക്കിയിരിക്കുകയാണ് എന്നാണ് വിവരം. നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും 15 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടി വരും.
മെയ്മാസം രത്ലം ജില്ലയിലെ ബാര്ബോണ്ഡ ഗ്രാമത്തിലൂം ഊരുവിലക്ക് വലിയ വാര്‍ത്തയായിരുന്നു. ഇതും താഴ്ന്ന ജാതിയില്‍ പെടുന്നയാള്‍ വിവാഹ ഘോഷയാത്ര നടത്തിയതിന്റെ പേരിലാണ്. സംഭവത്തില്‍ ദയാരാം ചൗഹാന് എന്ന യുവാവിനെയും ബന്ധുക്കളെയും സവര്‍ണ്ണര്‍ ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെ പരിപാടി വേണ്ടെന്നു വെച്ചു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന വെള്ളവും വെളിച്ചവുമെല്ലാം ദളിത് കോളനിക്ക് നിഷേധിക്കപ്പെട്ടു. കോളനിയിലേക്ക് വെള്ളം എത്തിച്ച ടാങ്കര്‍ ലോറി വഴിയില്‍ വെച്ചു തന്നെ സവര്‍ണ്ണര്‍ തടഞ്ഞു. പിന്നീട് പോലീസ് ഇടപെട്ടതോടെയാണ് ഈ പ്രശ്നം അവസാനിച്ചത്. ദെവാസ് ജില്ലയിലെ എനാബാഡ് ഗ്രാമത്തിലും ഇതേ പ്രശ്നം ഉണ്ടായി. എന്നാല്‍ ദളിത് വരന് പോലീസ് സുരക്ഷ തേടിയതിനാല്‍ പോലീസ് സംരക്ഷണയില്‍ ഘോഷയാത്ര നടത്തി. എന്നാല്‍ വിവാഹത്തിന് ശേഷം സവര്‍ണ്ണര്‍ ഇവിടുത്തെ രാമക്ഷേത്രത്തില്‍ പൂജ നടത്താനോ പ്രാര്‍ത്ഥിക്കാനോ ദളിതരെ അനുവദിച്ചില്ല.






