
ന്യുഡല്‍ഹി: ഇന്നലെ അന്തരിച്ച മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജ്യം വിടനല്‍കി. ലോധി വൈദ്യുതി ശ്മശാനത്തില്‍ വൈകിട്ട് നാലരയോടെയാണ് അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. രാജ്യത്തിന്റെ പൂര്‍ണ്ണ ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍, കക്ഷി രാഷ്ട്രീയ ഭേദമന്യേ മുതിര്‍ന്ന നേതാക്കളെല്ലാം സുഷമയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.
ജപ്പാന്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ എംബസികളും മുന്‍ വിദേശകാര്യമന്ത്രിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദലൈലാമ അടക്കമുള്ള ആത്മീയ നേതാക്കളും അനുശോചനം രേഖപ്പെടുത്തി. വസതിലെ പൊതുദര്‍ശനത്തിനു ശേഷം ബി.ജെ.പി ഓഫീസില്‍ ഭൗതികദേഹം കൊണ്ടുവന്നു. തുടര്‍ന്നാണ് ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വിലാപയാത്രയായി ലോധി ശ്മശാനത്തില്‍ എത്തിച്ചത്്
പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ ഭൂട്ടാന് പ്രധാനമന്ത്രി ഷെറിംഗ് ടൊബ്ഗെ, മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി, കേന്ദ്രമന്ത്രിമാര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു തുടങ്ങിയ നേതാക്കളെല്ലാം സുഷമയെ ലോധി വരെ അനുഗമിച്ചു. രാജ്യത്തിന്റെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങി മാതൃഭാവത്തിന്റെ കരുതല്‍ ലോകത്തെ മുഴുവന്‍ അറിയിച്ച മഹതി ഓര്‍മ്മകള്‍ ബാക്കിയാക്കി മടങ്ങി.







Comments