
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കഴിഞ്ഞ വര്‍ഷത്തേതിനു സമാനമായ പ്രളയഭീതിയില്‍ തുടരുമ്പോള്‍ ഭീതി പരത്തുന്ന വ്യാജ വാര്‍ത്തകളും അരങ്ങ് തകര്‍ക്കുകയാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങുമെന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നുമുള്ള വ്യാജ വാര്‍ത്തകളാണ് വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് 2005 ലെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
മഴക്കെടുതികളോടും പ്രളയത്തിനോടും നാം പോരാടിക്കൊണ്ടിരിക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചു ജനങ്ങളെ ഭീതിയില്‍ ആഴ്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, 2005ലെ സെക്ഷന്‍ 54 പ്രകാരം ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
അടുത്ത 3 ദിവസങ്ങളില്‍ കേരളമാകെ വൈദ്യുതി മുടങ്ങും എന്നും പെട്രോള്‍ പമ്പുകള്‍ അവധി ആണെന്നും ഒക്കെ വാട്സപ്പില്‍ വ്യാപകമായി പ്രചരിക്കുന്നതായി കാണുന്നു. ഇത്തരത്തില്‍ യാതൊരു അറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല. ദയവായി വെരിഫൈ ചെയ്യാത്ത യാതൊരു വിധ അറിയിപ്പുകളും പ്രചരിപ്പിക്കാതെയിരിക്കുക.
ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കുക.






