
കിടങ്ങൂര്‍: സ്ഫോടന വസ്തു വയറ്റില്‍ കെട്ടിവെച്ച് കോടതിയിലേക്ക് പോകവെ സ്ഫോടനം. സംഭവത്തില്‍ പോക്സോ കേസ് പ്രതിക്ക് പരുക്ക് പറ്റി. മാറിടം പാതിക്കമാലിയില് കോളനിയില്‍ പതിയില്‍ ജോയി എന്ന 67കാരനാണ് പരുക്ക് പറ്റിയത്. സംഭവ സമയം ഭാര്യ വത്സലയും ഒപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെയാണം സംഭവം ഉണ്ടാകുന്നത്.
കിടങ്ങൂര്‍ ബസ്ബേയില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ നിര്‍ത്തിയിട്ടിരുന്ന എവറസ്റ്റ് ബസിലാണ് സ്ഫോടനമുണ്ടായത്. വെള്ളപ്പൊക്കം മൂലം യാത്രക്കാര്‍ വളരെ കുറവായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജോയിക്കെതിരെ കിടങ്ങൂര്‍ പോലീസ് 2014ല്‍ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ വിധി കേള്‍ക്കാനായി കോട്ടയം സെഷന്‍സ് കോടതിയിലേക്ക് പോകാനാണ് ജോയി ബസില്‍ കയറിയത്.
ബസിന്റെ സീറ്റില്‍ ഇരിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ജോയിയുടെ നെഞ്ചിലും വയറിലും പൊള്ളലേറ്റു. ആദ്യം കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ജോയിക്കെതിരേ സ്ഫോടകവസ്തു നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാളുടെ മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ശ്രമിച്ചെങ്കിലും പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് പറയുന്നു. ശനിയാഴ്ച വിദഗ്ധ ചികിത്സയ്ക്കു വിധേയനാക്കിയശേഷം മൊഴിയെടുക്കാന്‍ ശ്രമിക്കുമെന്ന് പോലീസ് പറഞ്ഞു.






