
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളെ ജില്ലാ ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി സാധ്യതയും വധഭീഷണിയുമുണ്ടെന്നാണ് മുന്‍ എസ്.എഫ്.ഐ നേതാക്കളായ പ്രതികളുടെ ആരോപണം. അതിനാല്‍ ജയില്‍മാറ്റം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ജയിലിനുള്ളില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ പകര്‍ച്ചവ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കരമനയില്‍ അനന്തുവെന്ന യുവാവിനെ തല്ലിക്കൊന്ന പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയില്‍ മാറ്റത്തിനു അനുമതി നല്കി കോടതി ഉത്തരവ്.
അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീല്‍ മോഷ്ടിച്ച കേസില്‍ ശിവരഞ്ജിത്തിന്റ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്കെതിരായി ശക്തമായ തെളിവുകള്‍ ഉണ്ടെന്ന പോലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം കോടതി നിരസിച്ചത്.






