
അംഗരക്ഷകര്‍ എന്ന സങ്കല്പങ്ങളെ തിരുത്തിയെഴുതിയ സ്ത്രീയാണ് ഗുരുഗ്രാം സ്വദേശിനിയായ വീണ ഗുപ്ത. സാരി ധരിച്ച ഒരു അംഗരക്ഷകയെ കുറിച്ച് ചിന്തിക്കാന്‍ പോലും ആര്‍ക്കും സാധിക്കാതിരുന്ന സമയത്താണ് വീണ സാരി ധരിച്ച് സ്നേഹത്തോടെ ആളുകളോട് പെരുമാറുന്ന ഒരു അംഗരക്ഷക ആയത്.
വീണയുടെ ഇടപാടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇവര്‍ ദബാങ് സിങ്ങാണ്. കൂടാതെ ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന സീം റിസ്ക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകയുമാണ് വീണ.
വീണ ഒരു പോലീസ് ഉദ്യോഗസ്ഥയാകാനാണ് ആഗ്രഹിച്ചത്. പക്ഷേ കുടുംബാംഗങ്ങള്‍ ആ തീരുമാനത്തെ എതിര്‍ത്തു. ഇതോടെ മാനേജ്മെന്റ് കോഴ്സില്‍ ബിരുദം നേടി ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലിക്ക് കയറി. 1992 മുതല്‍ 2000 വരെ അവിടെ ജോലി ചെയ്തു.
വിവാഹ ശേഷം മകള്‍ ഉണ്ടായതോടെ ജോലി മാറണമെന്ന തീരുമാനത്തില്‍ വീണ എത്തി. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള ജോലിക്കായിരുന്നു മുന്‍തൂക്കം. അതിനിടയില്‍ ഒരു സെക്യൂരിറ്റി കമ്പനിയില്‍ തനിക്ക് അനുയോജ്യമായ ഒരു സമയക്രമീകരണത്തില്‍ ജോലിയുളളതായി വീണ അറിഞ്ഞു. യാതൊരു തയ്യാറെടുപ്പുകളുമില്ലാതെ അഭിമുഖത്തില്‍ പങ്കെടുത്തു.
ആളുകളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യത്തിനു മുന്നില്‍ നിരവധി ആശയങ്ങള്‍ അവതരിപ്പിച്ചാണ് വീണ അന്ന് മടങ്ങിയത്.' എന്തൊക്കെ പറഞ്ഞാലും കുട്ടിക്കാലം മുതലുള്ള എന്റെ ആഗ്രഹമായിരുന്നല്ലോ ഈ സേവനം.'- വീണ പറയുന്നു.
ജോലിയില്‍ തിരഞ്ഞെടുക്കപ്പെട്ട വീണയെ ആറുമാസത്തെ കഠിനപരിശീലനത്തിന് കമ്പനി അയച്ചു. തന്റെ ജോലി നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും പ്രതിരോധമാര്‍ഗങ്ങളെ കുറിച്ചുമെല്ലാം വീണ കൂടുതല്‍ മനസ്സിലാക്കുന്നത് പരിശീലനകാലഘട്ടത്തിലാണ്. പക്ഷേ 2008-ല്‍ ആ കമ്പനി പൂട്ടിപ്പോയി. അതോടെ ഫ്രീലാന്‍സായി വീണ ജോലികള്‍ ഏറ്റെടുത്തു.
''ഒരു സ്ത്രീക്ക് സംരക്ഷണമൊരുക്കാന്‍ എങ്ങനെ സാധിക്കും എന്ന ചിന്താഗതിയുമായാണ് പലരും സമീപിക്കുക. ഞാന്‍ വിശ്വസിക്കുന്നത് ഒരു കോര്‍പറേറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ അല്ലെങ്കില്‍ സെക്യൂരിറ്റി ഓഫീസര്‍ എന്ന് പറയുന്നത് ശാരീരികമായ കരുത്ത് മാത്രമുള്ളവരാണ് എന്നല്ല, മറിച്ച് അവര്‍ക്ക് സാഹചര്യങ്ങളെ എങ്ങനെ ബുദ്ധിപൂര്‍വ്വം നേരിടാമെന്ന കൃത്യമായ ധാരണയുണ്ടായിരിക്കണം''- വീണ പറയുന്നു.
''ചില സാഹചര്യങ്ങളില്‍ ഞാന്‍ സാരിയാണ് ധരിക്കാറുള്ളത്. സാരി ധരിച്ചാല്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ഒരാളാണെന്ന പ്രതീതിയുണര്‍ത്താന്‍ സാധിക്കും. ആള്‍ക്കൂട്ടത്തില്‍ എളുപ്പത്തില്‍ ചേരാനും സാധിക്കും. അതേസമയം സംരക്ഷിക്കേണ്ടത് ആരെയാണോ ആ വ്യക്തിയുടെ മേല്‍ എല്ലായ്പ്പോഴും ഒരു കണ്ണുണ്ടായിരിക്കുകയും ചെയ്യും. സാരിയെ എങ്ങനെ ഒരു ആയുധമാക്കിയെടുക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പഠിച്ചു കഴിഞ്ഞു.' സ്ത്രീയായതിനാല്‍ എതിരാളികളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ എളുപ്പമാണ് '' - വീണ പറയുന്നു.






