
പൊഖ്റാന്‍/ജയ്പുര്‍: ഇന്ത്യയുടെ അണ്വായുധനയം എക്കാലത്തേക്കുമുള്ളതല്ലെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അണ്വായുധം ആദ്യം പ്രയോഗിക്കില്ലെന്നതാണ് ഇന്ത്യയുടെ ഇതുവരെയുള്ള നയമെന്നും എന്നാല്‍, ഭാവിയിലെ കാര്യം സാഹചര്യങ്ങള്‍ക്കനുസരിച്ചാകുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. ഇന്ത്യ രണ്ടാം അണുപരീക്ഷണം നടത്തിയ രാജസ്ഥാനിലെ പൊഖ്റാനില്‍ മുന്‍പ്രധാനമന്ത്രി എ.ബി. വാജ്പേയിക്കു സ്മരണാഞ്ജലിയര്പ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാജ്പേയിയുടെ ഒന്നാം ചരമവാര്ഷികദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത്, 1998-ലാണ് ഇന്ത്യ പൊഖ്റാനില്‍ രണ്ടാം അണുപരീക്ഷണം നടത്തിയത്. പിന്നാലെ പാകിസ്താനും അതേപാത പിന്തുടര്ന്നു. ചിരെവെരികളായ ഇന്ത്യയും പാകിസ്താനും ആണവശക്തികളായതിനെ ആശങ്കയോടെയാണു ലോകം വീക്ഷിച്ചത്. ഇതേത്തുടര്‍ന്നായിരുന്നു അണ്വായുധം ആദ്യം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ പ്രഖ്യാപനം. പുല്‍വാമയിലെ ഭീകരാക്രമണത്തിനും ബാലാകോട്ടിലെ തിരിച്ചടിക്കും ശേഷം ജമ്മു കശ്മീര്‍ തീരുമാനത്തിലൂടെ ഇന്ത്യ തുടരുന്ന കര്ക്കശനയങ്ങളുടെ ഭാഗമായാണ് രാജ്നാഥ് സിങ്ങിന്റെ പ്രഖ്യാപനത്തെ രാജ്യാന്തര നയതന്ത്രവിദഗ്ധര്‍ വിലയിരുത്തുന്നത്.
പൊഖ്റാന്‍ അണുപരീക്ഷണത്തിന് അനുമതി നല്‍കിയതിലൂടെ വാജ്പേയി ഇന്ത്യയെ ആണവശക്തിയാക്കിയത് എല്ലാ എതിര്‍പ്പുകളെയും മറികടന്നാണെന്നു രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. അതേസമയം, ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയശേഷം പാകിസ്താന് നിരന്തരം പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍, രാജസ്ഥാനിലെ ജോധ്പുരില്‍നിന്നു പാകിസ്താനിലെ കറാച്ചിയിലേക്കുള്ള പ്രതിവാര താര് ലിങ്ക് എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് ഇന്ത്യ റദ്ദാക്കി.
കറാച്ചിയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസ് ഇനിയൊരു അറിയിപ്പുവരെ ഉണ്ടായിരിക്കില്ലെന്നു ഉത്തര-പശ്ചിമ റെയില്‍വേ അറിയിച്ചു. നിലവില്‍ 45 പേര് പാകിസ്താനിലേക്കു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായി റെയില്‍വേ വക്താവ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് പാകിസ്താന് കഴിഞ്ഞയാഴ്ച അവസാനിപ്പിച്ചിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച്, ഇന്ത്യന്‍ സിനിമകള്‍ക്കു പാകിസ്താന്റെ വിലക്ക്! ഇന്ത്യന്‍ സിനിമകളുടെ സി.ഡി. വില്‍പ്പന തടഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങളുടെയും ഇന്ത്യക്കാര്‍ അഭിനയിച്ചതുമായ പരസ്യങ്ങള്‍ക്കും വിലക്ക്.
ഡെറ്റോള്‍, സര്‍ഫ് എക്സല്‍, പാന്റീന്, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ്, െലെഫ്ബോയ്, സണ്‍സില്‍ക്, ഫോഗ്, ഫെയര്‍ ആന്‍ഡ് ലൗലി എന്നിവയുടെ പരസ്യങ്ങളാണു പ്രധാനമായും പാകിസ്താന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി വിലക്കിയത്. സി.ഡി. വില്‍പ്പനകേന്ദ്രങ്ങളില്‍ റെയ്ഡ് പുരോഗമിക്കുന്നതായി പാക് പ്രധാനമന്ത്രിയുടെ ഇന്‍ഫര്‍മേഷന്‍ സ്പെഷല്‍ അസിസ്റ്റന്റ് ആഷിഖ് അവാനെ ഉദ്ധരിച്ച് ''ദ ഡോണ്‍'' പത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 14-നുതന്നെ വില്‍പ്പനയും പ്രചാരണവും വിലക്കി കത്തു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.






