തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കൂടുതല്‍ പ്രമുഖര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. കൊടുങ്ങല്ലൂര്‍ മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയില്‍, സേവാദള്‍ സംസ്ഥാന സെക്രട്ടറി പ്രകാശ്, ജനറല്‍ സെക്രട്ടറി തോമസ് മാത്യു, സംവിധായകന് സോമന് അമ്പാട്ട്, പ്രമുഖ അഭിഭാഷകന് യു.ടി രാജന് എന്നിവര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ കോഴിക്കോട് നടക്കുന്ന നവാഗത ന്യുനപക്ഷ സമാഗമ സംഗമത്തില്‍ മലബാറിലെ പ്രമുഖരായ 19 പേര് ബി.ജെ.പിയില്‍ ചേരും. മുസ്ലീം ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ സയ്യിദ് അബ്ദുള്‍ റഹ്മാന് ബാഫഖി തങ്ങളുടെ ചെറുമകന് സെയ്ദ് താഹ ബാഫഖി തങ്ങള്‍, ലീഗ് നോമിനിയായി കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കാലിക്കട്ട് സര്‍വകശാല വിസിയായ പ്രൊഫ. എം അബ്ദുള്‍ സലാം, മുന്‍ മന്ത്രി നാലകത്ത് സൂഫിയുടെ പി.എ ആയിരുന്ന പ്രൊഫ ടി.കെ ഉമ്മര്‍, ഡോ. മുഹമ്മദ് ജാസിം, ഡോ. യഹിയാഖാന്‍, ഡോ. ഹര്ഷന് സെബാസ്റ്റിയന് ആന്റണി, ഷെയ്ഖ് സാദിഖ് എന്നിവര്‍ ബി.ജെ.പിയില്‍ ചേരും.
അംഗത്വ ക്യാമ്പെയ്നില്‍ കേരളത്തില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അംഗത്വത്തില്‍ 40 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.






