
കൊച്ചി: ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കാനൊരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ടത്തിന്റെ ആവശ്യകത ഇല്ലാതാകാനാണ് ബാങ്കിന്റെ തീരുമാനം.
രാജ്യത്ത് നിലവില്‍ ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളാണ് ഉള്ളത്. എന്നാല്‍ കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ ചെയര്മാന് രജ്നീഷ് കുമാര്‍ അറിയിച്ചു.
എസ്.ബി.ഐയുടെ യോനോ പ്ലാറ്റ്ഫോമിലൂടെ രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാനും ഇടപാടുകള്‍ നടത്താനും കഴിയും.






