
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദളിത്ക്ഷേത്രം തകര്ത്തെറിഞ്ഞതിനെതിരേ നടന്ന പ്രതിഷേധത്തില്‍ 91 പേര് അറസ്റ്റില്‍. സുപ്രീംകോടതി നിര്‍ദേശം മാനിച്ച് നഗരവികസനത്തിനായി ഡല്‍ഹിയിലെ തുഗ്ലകാബാദില്‍ സ്ഥാപിച്ചിരുന്ന രവിദാസ് ക്ഷേത്രം തകര്‍ത്തതിനെതിരേ ഡല്‍ഹിയില്‍ ദളിത് സമൂഹം ഒത്തുകൂടി നടത്തിയ പ്രതിഷേധത്തിലായിരുന്നു അറസ്റ്റ്.
ഉത്തര്‍പ്രദേശിലെ ഭീം ആര്‍മി നേതാവ് രാവണന് എന്നറിയപ്പെടുന്ന ചന്ദ്രശേഖരന് ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റിലായവരില്‍ പെടുന്നു. വ്യാഴാഴ്ച ജന്ദര്‍മന്ദര്‍ കനത്ത പോലീസ് കാവലിലായി. ഡല്‍ഹി പോലീസിന് പുറമേ അര്‍ദ്ധസൈനിക വിഭാഗത്തെയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയില്‍ തുഗ്ളകാബാദില് ഉണ്ടായ കലാപത്തില്‍ 15 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം വാഹനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. കലാപം സൃഷ്ടിച്ചതിനും പൊതു സ്വകാര്യ വസ്തുക്കള്‍ കേടുപാടു വരുത്തിയതിനും 91 പേരാണ് അറസ്റ്റിലായത്.
എല്ലാവരേയും ഇന്ന് സാകേത് കോടതിയില്‍ ഹാജരാക്കും. തുഗ്ളക്കാബാദിലെ രവിദാസ് ക്ഷേത്രം തകര്‍ത്തതിനെതിരേ ഡല്‍ഹി രാംലീലാ മൈതാനിയില്‍ പ്രതിഷേധിച്ച് എത്തിയത് ആയിരങ്ങളാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും ദളിത് സമൂഹത്തില്‍ പെട്ട അനേകര്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. ചന്ദ്രശേഖര്‍ ആസാദും. ഡല്‍ഹി മന്ത്രി രാജേന്ദ്ര പാല് ഗൗതവും അനേകം ദളിത് ആത്മീയ നേതാക്കളും റാലിയില്‍ ഉണ്ടായിരുന്നു. ഇവരെല്ലാം അറസ്റ്റിലായിട്ടുണ്ട്.
അഖില ഭാരതീയ സന്ത് ഷിരോമണി ഗുരു രവിദാസ് മന്ദിര്‍ സംയുക്ത സംരക്ഷണ് സമിതിക്ക് കീഴില്‍ വിവിധ ദളിത് വിഭാഗങ്ങള്‍ ഒരുമിച്ച് കൂടിയായിരുന്നു പ്രക്ഷോഭം. തകര്‍ത്ത ക്ഷേത്രം മൂന്ന് ദിവസത്തിനുള്ളില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സംഘര്‍ഷഭരിതമായ മണിക്കൂറുകള്‍ക്ക് ശേഷം രാംലീലാ മൈതാനിയില്‍ സമ്മേളിച്ച പ്രതിഷേധക്കാര്‍ തുഗ്ളക്കാബാദിലേക്ക് നടത്തിയ റാലി ക്ഷേത്രം തകര്‍ക്കപ്പെട്ട സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ വെച്ച് പോലീസ് തടയുകയായിരുന്നു. ഇതോടെയാണ് റാലി സംഘര്‍ഷഭരിതമായത്. പിന്നീട് കല്ലേറായി മാറുകയായിരുന്നു. വാഹനങ്ങളുടെ ജനല്‍ചില്ലുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു.
പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ആകാശത്തേക്ക് പല റൗണ്ട് വെടിവെയ്ക്കുകയും ചെയ്തു. എന്നിട്ടും സ്ഥിതി ശാന്തമാകാതെ വന്നതോടെയാണ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത്. കലാപത്തില്‍ 15 പോലീസുകാര്‍ക്ക് പരിക്കേറ്റു. ആഗസ്റ്റ് 13 നായിരുന്നു രവിദാസ് ക്ഷേത്രം തകര്‍ത്തത്. ക്ഷേത്രം തകര്‍ത്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ രവിദാസ സമുദായത്തില്‍ പെട്ടവരുടെ പടുകൂറ്റന്‍ റാലി പഞ്ചാബിലും നടന്നിരുന്നു. ക്ഷേത്രം തകര്‍ത്ത ശേഷം ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ നടന്നു വരുന്നുണ്ടായിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലും ഈ വര്‍ഷം അവസാനവും അടുത്ത വര്‍ഷം ആദ്യവുമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനേകം രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായും എത്തിയിട്ടുണ്ട്.
ദളിത് സമുദായത്തില്‍ 15 ാം നൂറ്റാണ്ടിലെ ദളിത് സന്യാസിയും കവിയുമായ രവിദാസിനെ ആരാധിക്കുന്ന അനേകരുണ്ട്. ഇദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രവിദാസിയ എന്നറിയപ്പെടുന്ന ഈ വിശ്വാസക്കാര് പഞ്ചാബില്‍ ധാരാളമുണ്ട്. ഹരിയാന, രാജസ്ഥാന്, ഡല്‍ഹി, യു പി, ബീഹാര്‍ എന്നിവിടങ്ങളിലും രവിദാസിയ വിശ്വാസികള്‍ ധാരാളമായിട്ടുണ്ട്. ബാബ്റി മസ്ജിദും ശബരിമലയും ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ കാര്യങ്ങളില്‍ തീരുമാനം ഇല്ലാതെ പോകുമ്പോള്‍ ദളിതരുടെ ക്ഷേത്രം തകര്‍ത്തതിനെതിരേ രൂക്ഷ വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ആള്ക്കാര് പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.






