
കല്‍പ്പറ്റ: മഴക്കെടുതിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പുത്തുമലയിലെ തിരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിച്ചു. ഇനി പ്രദേശവാസികളുടെ നേതൃത്വത്തില്‍ പ്രാദേശികമായ തിരച്ചില്‍ ഉണ്ടാകും. പുത്തുമല ദുരന്തത്തില്‍പെട്ട് കാണാതായ അഞ്ച് പേരില്‍ നാലുപേരുടേയും ബന്ധുക്കള്‍ തിരിച്ചില്‍ തുടരേണ്ടതില്ലെന്ന തീരുമാനം അംഗീകരിച്ചു. എന്നാല്‍ പുത്തുമല സ്വദേശി ഹംസയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി തിരച്ചില്‍ നടത്തണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു. അതേതുടര്ന്ന് ഹംസയ്ക്ക് വേണ്ടി തിങ്കളാഴ്ച പോലീസും ഫയര്‍ഫോഴ്സും പുത്തുമല മസ്ജിദിനോട് ചേര്‍ന്ന് തിരച്ചില്‍ നടത്തും.
16ദിവസം നീണ്ട തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ കാണാതായവരുടെ ബന്ധുക്കളും രാഷട്രീയ പാര്‍ട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. അഞ്ചുപേരെയാണ് ഇനിയും ഇവിടെ നിന്നും കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചില്‍ ശ്രമങ്ങളില്‍ ആരേയും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഇതോടെയാണ് കാണാതായവരുടെ ബന്ധുക്കളോട് കൂടി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനില്‍ മേപ്പാടി പഞ്ചായത്ത ഹാളില്‍ ചേര്‍ന്ന യോഗം സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തു. മനുഷ്യസാധ്യമായ എല്ലാ രീതിയിലും തിരച്ചില്‍ നടത്തിയെന്നും ലഭ്യമായ എല്ലാ സംവിധാനവും തിരച്ചിലിനു ഉപയോഗപ്പെടുത്തിയെന്നും യോഗത്തില്‍ പങ്കെടുത്ത ദേശീയ ദുരന്ത നിവാരണ സേന, അഗ്നിരക്ഷാ സേന, പോലീസ്, സന്നദ്ധസംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ കാണാതായവരുടെ ബന്ധുക്കളെ അറിയിച്ചു.






