
ന്യുഡല്‍ഹി: മുന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി (66) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന ജെയ്റ്റ്ലി ആണ് അന്തരിച്ചത്. ഈ മാസം ഒന്‍പതിനാണ് ജെയ്റ്റ്ലിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായിരുന്നുവെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ അതീവ ഗുരുതരാവസ്ഥയിലായി. ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.
ദീര്‍ഘകാലമായി പ്രമേഹം അലട്ടിയിരുന്ന ജെയ്റ്റ്ലി 2018 മെയ് 14ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷമാണ് അദ്ദേഹം കൂടുതല്‍ പരിക്ഷീണിതനായത്.
ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി പ്രസ്താനമായ എ.ബി.വി.പിയിലൂടെയാണ് ജെയ്റ്റ്ലി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. ഡല്‍ഹിയിലെ സെന്റ് സേവ്യേഴ്സ് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജെയ്റ്റ്ലി, ഡല്‍ഹി ശ്രീറാം കോളജില്‍ നിന്ന് ബിരുദം നേടി. 1977ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം നേടി. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ജെയ്റ്റ്ലി എ.ബി.വി.പിയില്‍ സജീവമായത്. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായിരുന്നു.
അടിയന്തരാവസ്ഥാക്കാലത്ത് 19 മാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. 70കളുടെ തുടക്കത്തില്‍ രാജ് നാരായണനും ജയപ്രകാശ് നാരായണനും നേതൃത്വം നല്കിയ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ജയപ്രകാശ് നാരായണന് രൂപീകരിച്ച ദേശീയ വിദ്യാര്‍ത്ഥി യുവജന വിഭാഗത്തിന്റെ കണ്‍വീനറായും ജെയ്റ്റ്ലിയെയാണ് നിയമിച്ചത്. അടിയന്തരാവസ്ഥ കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ ജെയ്റ്റ്ലി ജനസംഘത്തില്‍ ചേര്‍ന്നു.
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആകാനാണ് ആഗ്രഹിച്ചതെങ്കിലും അഭിഭാഷ ജോലിയിലാണ് ജെയ്റ്റ്ലി എത്തിയത്. രാഷ്ട്രീയത്തിരക്കുകള്‍ക്കിടയിലും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു അദ്ദേഹം. സുപ്രീം കോടതിയില്‍ പ്രാക്റ്റീസ് തുടങ്ങുന്നതിന് മുമ്പ് വിവിധ ഹൈക്കോടതികളില്‍ അഭിഭാഷകനായിരുന്നു. 1987 മുതല്‍ അഭിഭാഷകനായി സജീവമായിരുന്നു. 1989ല്‍ വി.പി സിംഗ് സര്‍ക്കാരിന്റെ കാലത്ത് ജെയ്റ്റ്ലിയെ അഡീഷണല്‍ സോളിസിറ്റര്‍ ജനറാലായി നിയമിച്ചു. ജെയ്റ്റ്ലി സോളിസിറ്റര്‍ ജനറലായിരിക്കെ അദ്ദേഹമാണ് ബോഫോഴ്സ് അഴിമതിക്കേസിലെ നിര്‍ണായക രേഖകള്‍ തയ്യാറാക്കിയത്.
1991 മുതല്‍ ബി.ജെ.പിയുടെ ദേശീയ എക്സിക്യുട്ടീവ് കമ്മറ്റി അംഗമാണ്. 1999ലെ പൊതുതിരഞ്ഞെടുപ്പിന്റെ സമയത്ത് പാര്‍ട്ടിയുടെ ദേശീയ വക്താവായിരുന്നു. 1999ല്‍ എ.ബി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തില്‍ വന്നപ്പോള്‍ ജെയ്റ്റ്ലി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. 2000 ജൂലൈ 23ന് രാംജെഠ്മലാനിയുടെ രാജിയോടെ ക്യാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടിയ ജെയ്റ്റ്ലിക്ക് നിയമ, കമ്പനി കാര്യ വകുപ്പുകളുടെ ചുമതല ലഭിച്ചു.
2004-2014 വര്‍ഷത്തില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ അമൃത്സറില് മത്സരിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിംഗിനോട് പരാജയപ്പെട്ടു. എന്നാല്‍ മോഡി മന്ത്രിസഭയില്‍ ധനം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം നിയമിതനായി. അമൃത്സറില് പരാജയപ്പെട്ട ജെയ്റ്റലി ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായാണ് വീണ്ടും പാര്‍ലമെന്റില്‍ എത്തിയത്. 2018 മാര്‍ച്ച് മുതല്‍ യു.പിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ഈ വര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജെയ്റ്റ്ലി മത്സരിച്ചില്ല. രണ്ടാം മോഡി മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണമുണ്ടായിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജെയ്റ്റ്ലി മന്ത്രിസഭയില്‍ ചേര്‍ന്നില്ല.
കോണ്‍ഗ്രസ് നേതാവും ജമ്മു കശ്മീര്‍ മുന്‍ ധനമന്ത്രിയുമായിരുന്ന ഗിര്‍ധരി ലാല്‍ ദോഗ്രിയുടെ മകള്‍ സംഗീതയാണ് ഭാര്യ, മക്കള്‍: രോഹന്, സൊനാലി (ഇരുവരും അഭിഭാഷകര്‍). മരുമകന്: ജയേഷ് ബക്ഷി.






