ന്യൂഡല്‍ഹി: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അല്‍പ്പം മാറി നിന്നപ്പോഴും തന്റെ ബ്ലോഗിലൂടെ സമകാലിക സംഭവങ്ങളില്‍ പ്രതികരിച്ചിരുന്ന നേതാവാണ് അരുണ്‍ ജെയ്റ്റ്ലി. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370ന്റെ റദ്ദാക്കല്‍. മുത്തലാഖ് നിരോധനം എന്നീ വിഷയങ്ങളിലാണ് ജെയ്റ്റ്ലി അവസാനമായി ബ്ലോസ് പോസ്റ്റില്‍ പ്രതികരിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ചരിത്രപരമായ മണ്ടത്തരം തിരുത്തിയിരിക്കുന്നു എന്നാണ് ജെയ്റ്റ്ലി ബ്ലോഗ് പോസ്റ്റില്‍ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അസാധ്യമായതിനെ സാധ്യാക്കി എന്നായിരുന്നു ബ്ലോഗ് പോസ്റ്റിന്റെ തലക്കെട്ട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 പ്രകാരമുള്ള നടപടികള്‍ പാലിക്കാതെ പിന്‍വാതിലിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ തിരുകിക്കയറ്റിയതെന്നും ജെയ്റ്റ്ലി അവസാന പോസ്റ്റില്‍ ആരോപിച്ചിരുന്നു. മുത്തലാഖ് നിരോധനത്തെയും തീവ്രവാദ വിരുദ്ധ നിയമം ശക്തമാക്കാനുള്ള തീരുമാനത്തെയും അവസാന ബ്ലോഗ് പോസ്റ്റില്‍ ജെയ്റ്റ്ലി പ്രശംസിച്ചിരുന്നു.
രണ്ടാഴ്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ക്രിയക്ക് വിധേയനായ ജെയ്റ്റ്ലിയെ ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് എയിംസില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.






