
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളുടെ വില്ലേജുകളാണ് പട്ടികയിലുള്ളത്. ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയാണെന്ന് പ്രഖ്യാപിച്ചത്. പ്രളയത്തില്‍ അകപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് അടിയന്തരസഹായ വിതരണത്തിനുള്ള മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ഓഗസ്റ്റ് എട്ടുമുതല്‍ ഒരാഴ്ച പെയ്ത കനത്തമയില് സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായത്. മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും തൃശ്ശൂരില്‍ 215 ഉം, പാലക്കാട് 124 ഉം കോഴിക്കോട് 115 ഉം വില്ലേജുകള്‍ പട്ടികയിലുണ്ട്. ഏറ്റവും കൂടുതല്‍ ദുരന്തബാധിത വില്ലേജുകള്‍ അഞ്ചെണ്ണം കൊല്ലത്താണുള്ളത്.
തിരുവനന്തപുരം ജില്ലയിലെ ഒരു വില്ലേജുപോലും ദുരന്തബാധിത പ്രദേശത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടില്ല. ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്ന ദുരന്തബാധിത പ്രദേശങ്ങളുടെ ഈ പട്ടികയാണ്. കേന്ദ്ര സഹായത്തിനുള്ള സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതും ഇത് അനുസരിച്ചാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം 1264 വില്ലേജുകളെയാണ് ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നു തവണയായാണ് കഴിഞ്ഞ വര്‍ഷം പട്ടിക തയ്യാറാക്കിയിരുന്നത്. പ്രളയജലം പ്രവേശിച്ച വീടുകളില്‍ കഴിഞ്ഞവര്‍ക്കും പൂര്‍ണമായോ ഭാഗീകമായോ വീട് നഷ്ടപ്പെട്ടവര്‍ക്കും അടിയന്തര സഹായം കിട്ടും.






