
തിരുവനന്തപുരം: ക്രമക്കേട് നടന്ന പി.എസ്.സി കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും ഉദ്യോഗസ്ഥര്‍ തിരിച്ചറഞ്ഞു. ശിവരഞ്ജിത്തും നസീമും പ്രണവും മൂന്നു പരീക്ഷാ കേന്ദ്രങ്ങളിലാണ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതിയത്. ഈ കേന്ദ്രങ്ങളില്‍ ഇന്‍വിജിലേറ്റര്‍ ആയിരുന്ന ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
ശിവരഞ്ജിത്തിനേയും നസീമിനേയും കസ്റ്റഡിയില്‍ വാങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. അതേസമയം ഉദ്യോഗാര്‍ത്ഥികളുടെ മൊബൈല്‍ ഫോണുകള്‍ പരീക്ഷാ കേന്ദ്രത്തിനുള്ളിലേക്ക് കടത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. പ്രതികള്‍ സ്മാര്‍ട്ട് വാച്ച് കെട്ടിയോ എന്ന കാര്യം ഓര്‍മ്മയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവാദമായ പരീക്ഷയുടെ ചുമതലയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടേയും വിവരങ്ങള്‍ പി.എസ്.സി സെക്രട്ടറി ക്രൈംബ്രാഞ്ചിനു കൈമാറി. ഇവരേയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
2018 ജൂലൈയില്‍ നടന്ന കെ.എ.പി ബെറ്റാലിയന് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവരും തട്ടിപ്പില്‍ പങ്കാളികളായിരുന്നു. ഇവര്‍ക്ക് പുറത്ത് നിന്ന് സഹായം ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് സംഘം പരിശോധിക്കുന്നത്.






