ജെയ്പൂര്‍: രാജസ്ഥാനില്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച് അഞ്ച് കൊലക്കേസുകളില്‍ പ്രതിയായ ആളെ മോചിപ്പിച്ചു. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം. മൂന്ന് വാഹനങ്ങളില്‍ എത്തിയ ഇരുപതോളം ആളുകള്‍ പോലീസ് സ്റ്റേഷനെതിരെ 40 റൗണ്ട് വെടിയുതിര്‍ത്തു. തുടര്‍ന്ന് അഞ്ച് കൊലക്കേസുകളില്‍ പ്രതിയായ വിക്രം ഗുര്‍ജാര്‍ എന്നയാളെ മോചിപ്പിക്കുകയായിരുന്നു.
ഗുര്‍ജാറുമായി സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ട അക്രമികള്‍ പോകുന്ന വഴിക്ക് വാഹനം കേടായി. തുടര്‍ന്ന് വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന പിക്കപ്പ് വാന്‍ മോഷ്ടിച്ച് രക്ഷപെട്ടു. തുടര്‍ന്ന് പിക്കപ്പ് വാനും തകരാറിലായതിനെ തുടര്‍ന്ന് ഒരു സ്കോര്‍പ്പിയോ വാഹനം തട്ടിയെടുത്ത് രക്ഷപെടുകയായിരുന്നു. ഡ്രൈവറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്കോര്‍പിയോ തട്ടിയെടുത്തത്.
രാജസ്ഥാന് പോലീസ് റോഡ് ബ്ലോക്ക് ചെയ്ത് അക്രമികളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും അക്രമികള്‍ രക്ഷപെട്ടു. അക്രമികളെ പിടികൂടാന്‍ രാജസ്ഥാന് ഡി.ജി.പി ഭൂപേന്ദ്ര യാദവ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ട്. ഹരിയാനയിലെ കുപ്രസിദ്ധ ക്രിമിനല്‍ സംഘമായ കുലദീപ് ഗ്യാങ്ങിലെ അംഗമാണ് ഗുര്‍ജര്‍. ഇയാള്‍ക്കെതിരെ അഞ്ച് കൊലക്കേസുകള്‍ നിലവിലുണ്ട്. അഞ്ച് ലക്ഷം രൂപ തലയ്ക്ക് ഇനാം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ക്രിമിനലാണ് ഗുര്‍ജര്‍.






