
തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതിക്കെതിരെ സിപിഎം രംഗത്ത്. നിയമം കര്‍ശനമായി നടപ്പാക്കുകയാണ് ആവശ്യമെന്നും, പിഴ കൂട്ടുകയല്ല വേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചു. നിയമവശങ്ങള്‍ പരിശോധിച്ച് സംസ്ഥാനത്ത് നിയമം നടപ്പാക്കുന്നത് മാറ്റി വയ്ക്കാമോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിനോട് സിപിഎം ആവശ്യപ്പെടുകയാണെന്നും അദേഹം പറഞ്ഞു.
ഉയര്‍ന്ന പിഴയീടാക്കുന്നത് വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ. പിഴത്തുക കൂട്ടുകയല്ല, നിയമം കര്‍ശനമായി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മോട്ടോര്‍ വാഹന ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴയീടാക്കുകയെന്നത് അശാസ്ത്രീയമാണെന്നാണ് സിപിഎം നിലപാടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി ആന്ധ്ര, രാജസ്ഥാന്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ ഈ നിയമം നടപ്പാക്കിയിട്ടില്ല. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. അതുപോലെ തന്നെ സമാനമായ രീതിയില്‍ നിയമവശം പരിശോധിച്ച് എന്ത് ചെയ്യാനാകുമെന്ന് പരിശോധിക്കണമെന്ന് സിപിഎം സര്‍ക്കാരിനോടും ഗതാഗതവകുപ്പിനോടും ആവശ്യപ്പെടുമെന്നും കോടിയേരി പറഞ്ഞു. പുതിയ ഭേദഗതിയോടെ വന്‍ അഴിമതിക്ക് കളമൊരുങ്ങുമെന്നും കോടിയേരി ആരോപിച്ചു. നിയമത്തിനെതിരെ സിഐടിയു തൊഴിലാളി സംഘടനകള്‍ സിപിഎമ്മിനെ സമീപിച്ചിരുന്നുവെന്നും അദേഹം പറഞ്ഞു. അപ്രായോഗികമായ പല നിയമങ്ങള്‍ കൊണ്ടുവന്ന് കേന്ദ്രം ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.






