
പനാജി: ഗോവധവുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുടരുന്നത് മഹാത്മാഗാന്ധിയുടെ നിലപാടാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ബീഫ് ഉപയോഗിക്കുന്നതിന് ഗാന്ധിജി ശക്തമായി എതിര്‍ത്തിരുന്നുവെന്നും അധദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകത്തില്‍ ഗോവധം നിരോധിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം കര്‍ണാടകത്തിലെ ജനങ്ങളുടെ വികാരം മാനിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം മറുപടി നല്കി.
കര്‍ണാടകയില്‍ ഗോവധം നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ ഗോ സംരക്ഷണ സെല്‍ കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ബി.എസ് യെദ്യൂപ്പയ്ക്ക് നിവേദനം നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഗോവധത്തിനെതിരാണെന്ന് കര്‍ണാടകത്തില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയായ പ്രഹ്ലാദ് ജോഷി പ്രതികരിച്ചു.
ഗോവധ നിരോധനം പല സംസ്ഥാനങ്ങളിലും നിലവിലുണ്ട്. എന്നാല്‍ കര്‍ണാടകത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്തെ ജനങ്ങലുടെ വികാരം കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ണാടകത്തില്‍ ഗോവധം നിരോധിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് വിനോദ സഞ്ചാര കേന്ദ്രമായ ഗോവയെയും പ്രതികൂലമായി ബാധിക്കും. ഗോവയിലേക്ക് ഏറ്റവും കൂടുതല്‍ ബീഫ് എത്തുന്നത് കര്‍ണാടകത്തില്‍ നിന്നാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗോവയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളും അവിടെയുള്ള ജനങ്ങളും പ്രതിമാസം 600 ഓളം ടണ്‍ ബീഫ് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്.






