
ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസില്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ രൂപീകരിച്ചിരിക്കുന്ന പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. പ്രത്യേക ജഡ്ജി ധര്മ്മേശ് ശര്‍മ്മ രാവിലെ എയിംസ് ആശുപത്രിയില്‍ എത്തി പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്.
2017ല്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന പരാതി നല്കിയ പെണ്‍കുട്ടി, റായ് ബറേലിയില്‍ വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലാണ്. അപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് തന്നെയാണെന്ന് പെണ്‍കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. വിചാരണയുടെ ഭാഗമായി പ്രതി കുല്‍ദീപ് സിംഗിനെയും തിഹാര്‍ ജയിലില്‍ നിന്നും ആശുപത്രിയിലെ ജയിലില്‍ എത്തിച്ചിരുന്നു.
രഹസ്യ വിചാരണ ആയതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കോടതിയില്‍ പ്രവേശനമില്ല. കോടതി പരിസരത്തെ സിസിടിവി ക്യാമറകള്‍ നിശ്ചലമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി നിര്‍ദേശപ്രകാരം ഒരു ദിവസം പോലും അവധിയില്ലാതെ തുടര്‍ച്ചയായ വിചാരണയാണ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബംഗാരമുവില് നിന്നുള്ള ജനപ്രതിനിധിയാണ് കുല്‍ദീപ് സിംഗ്. അപകടത്തിനു പിന്നാലെ കുല്‍ദീപിനെ ബി.ജെ.പി പുറത്താക്കിയിരുന്നു. ജൂലായ് 28നുണ്ടായ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര് കൊല്ലപ്പെടുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സുപ്രീം കോടതി ഇടപെട്ടാണ് ഇരുവരേയും ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്. അപകടത്തെ കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐയ്ക്ക് കൂടുതല്‍ സമയവും അനുവദിച്ചിട്ടുണ്ട്.






