
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജെ.ജയലളിതയോടുള്ള ആദരവും ആരാധനയും പ്രകടിപ്പിക്കാന്‍ മകന്റെ വിവാഹം ജയലളിതയുടെ സമാധി ഭൂമിയില്‍ നടത്തി ഒരു ആരാധകന്. മറീന ബീച്ചിലെ ജയലളിതയുടെ സമാധിസ്ഥലത്താണ് ബുധനാഴ്ച വിവാഹ പന്തലൊരുങ്ങിയത്. ചെന്നൈ സ്വദേശിയായ എ.ഐ.എ.ഡി.എം.കെ നേതാവ് എസ്. ഭവാനിശങ്കര്‍ ആണ് മകന് എസ്.പി സാംബശിവരാമന്റെയും പ്രതിശ്രുത വധു ആര്.ദീപികയുടെയും വിവാഹം ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന ഭൂമിയില്‍ പരമ്പരാഗത രീതിയില്‍ നടത്തിയത്.
ജയലളിതയുടെ സമാധി സ്ഥലം പൂക്കളും 'രണ്ടില' ചിഹ്നവും കൊണ്ട് അതിമനോഹരമായി ഒരുക്കിയിരുന്നു. സമാധിക്കു സമീപം വധുവരന്മാര് ഇരുന്നു. നാദസ്വരവും പ്രാര്‍ത്ഥനാ മന്ത്രങ്ങളും മുഴങ്ങിയ അന്തരീക്ഷത്തില്‍ വരന് വധുവിന്റെ കഴുത്തില്‍ മംഗല്യസൂത്രം ചാര്‍ത്തി. തുടര്‍ന്ന് ജയലളിതയുടെ ശവകുടീരത്തില്‍ ഇരുവരും സാഷ്ടാംഗ പ്രണാമം നടത്തി, ആരതി ഉഴിഞ്ഞ് ജയലളിതയോടുള്ള ആദരവും പ്രകടിപ്പിച്ചു.
അമ്മയുടെ സമാധിസ്ഥലത്ത് വച്ച് വിവാഹം നടത്തിയതിനാല്‍ വിവാഹത്തിന് അമ്മയുടെ അനുഗ്രഹമുണ്ടായി എന്ന സംതൃപ്തിയുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ഇവിടെവച്ച് വിവാഹം നടത്താന്‍ അധികൃതരില്‍ നിന്ന് പ്രത്യേകം അനുമതിയും വാങ്ങിയിരുന്നു. മുതിര്‍ന്ന നേതാക്കളായ എ. തമിഴ് മകന് ഹുസൈന്, മുന്‍മന്ത്രി എസ്.ഗോകുല ഇന്ദിര തുടങ്ങി നിരവധി പേര് വിവാഹത്തില്‍ പങ്കെടുത്തു.
2016 ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. അവരുടെ ആഗ്രഹപ്രകാരം, മറീന ബീച്ചില്‍ പാര്‍ട്ടി സ്ഥാപക നേതാവായ എം.ജി രാമചന്ദ്രന്റെ സ്മാരകത്തിനു സമീപമാണ് സംസ്കാരം നടത്തിയത്.






