
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിന്റെ പ്രത്യേക ആവശ്യം തള്ളി കോടതി. വീട്ടില്‍ പാകം ചെയ്ത ഭക്ഷണം വേണമെന്ന ചിദംബരത്തിന്റെ ആവശ്യമാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്. എല്ലാ തടവുകാര്‍ക്കും നല്കുന്ന അതേ ഭക്ഷണം മാത്രമേ നല്കാന് കഴിയൂ എന്ന് കോടതി വ്യക്തമാക്കി.
ചിദംബരത്തിനു വേണ്ടി കപില്‍ സിബല്‍ ആണ് കോടതിയില്‍ ഹാജരായി ആവശ്യം മുന്നോട്ടുവെച്ചത്. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 'എല്ലാവര്ക്കും ഒരേ ഭക്ഷണം ലഭിക്കും' എന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കയ്ത് വ്യക്തമാക്കി.
ചിദംബരത്തിന് 74 വയസുണ്ടെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഐഎന്‍എല്‍ഡി നേതാവ് ഓം പ്രകാശ് ചൗട്ടാലയും പ്രായമായ തടവുകാരനാണെന്നും വേര്‍തിരിവ് കാട്ടാനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് തല്‍സ്ഥിതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. സെപ്റ്റംബര്‍ 23 ന് കേസ് വീണ്ടും പരിഗണിക്കും.






