
തൊടുപുഴ: തിരുവോണനാളില്‍ നഗരമധ്യത്തിലെ സെപ്ലെക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഭിത്തി കുത്തിത്തുറന്ന് മോഷണം. കോതായിക്കുന്ന് സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സെപ്ലെകോ സൂപ്പര്‍മാര്‍ക്കറ്റിലാണ് മോഷണം നടന്നത്. കെട്ടിടത്തിനു പിന്നിലെ ഭിത്തി തുരന്ന് അകത്തു കയറിയ മോഷ്ടാക്കള്‍ 4250 രൂപ കവര്‍ന്നതായാണ് പ്രാഥമിക നിഗമനം.
ഭിത്തി തുരന്ന് അകത്തുകടന്ന മോഷ്ടാവ് കൗണ്ടറിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണമാണു കവര്‍ന്നത്. കൂടുതല്‍ പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഓണത്തോടനുബന്ധിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടന്ന കച്ചവടത്തിന്റെ തുക ബാങ്ക് അവധിയായിരുന്നതിനാല്‍ അടയ്ക്കാനാവാതിരുന്നത് ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.
മോഷ്ടാക്കള്‍ക്ക് ഇതു പൊളിക്കാന്‍ സാധിക്കാതിരുന്നതിനാല്‍ വന്‍ കവര്‍ച്ചയാണ് ഒഴിവായത്. ഈ തുക ബാങ്കില്‍ അടയ്ക്കുന്നതിനായി ഇന്നലെ ഉച്ചയ്ക്ക് ഓഫീസ് ഇന്‍ ചാര്‍ജ് സ്മിത രാജനും അസി.മാനേജരും ഓഫീസിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് തൊടുപുഴ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ ലോക്കര്‍ പരിശോധിച്ച് നോക്കി. ലോക്കറില്‍ നിന്നും പണമൊന്നും നഷ്ടമായിട്ടില്ലന്ന് ജീവനക്കാര്‍ പോലീസിനോട് മൊഴി നല്കി.
കടയ്ക്കുള്ളില്‍ ആറു സി.സി ടി.വി ഉണ്ടായിരുന്നവയില് രണ്ടെണ്ണം തകര്‍ത്തശേഷമാണ് മോഷണം നടത്തിയത്. കൂടുതല്‍ നഷ്ടം സംഭവിച്ചുണ്ടോയെന്നറിയാന് ഇന്ന് സ്േറ്റാക്ക് പരിശോധിക്കുമെന്ന് മാനേജര്‍ ഇന്‍ ചാര്‍ജ് സ്മിത രാജന് പറഞ്ഞു. മുറിക്കുള്ളിലെ മേശകളും സാധനകളും മറിച്ചിട്ട നിലയിലാണ്. ഇടുക്കിയില്‍ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരുകയാണെന്ന് പോലീസ് പറഞ്ഞു.






