
ഉള്‍നാടന്‍ പ്രദേശങ്ങളുടെ ചിത്രം പകര്‍ത്തി തിരിച്ചെത്തുന്ന പ്രാവുകള്‍, വിവരം ചോര്‍ത്താന്‍ മലങ്കാക്കകള്‍, ഹാര്‍ബറുകളിലേക്കും മറ്റും കടന്നു ചെന്ന് ന്യൂക്ളീയര്‍ അന്തര്‍വാഹിനികളെ കുറിച്ച് വിവരം ശേഖരിച്ചിരുന്ന ഡോള്‍ഫിനുകള്‍ ശ്രവണോപാധികള്‍ ഘടിപ്പിച്ച പൂച്ചകള്‍. റഷ്യ-അമേരിക്ക ശീതസമര കാലത്ത് അമേരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം ചാരപ്പണിക്ക് മൃഗങ്ങളെയും ഉപയോഗിച്ചിരുന്നതിന്റെ വിവരമാണ് പുറത്തു വന്നിരക്കുന്നത്. അക്കാലത്ത് ഉപയോഗപ്പെടുത്തിയ വിചിത്രവും തീവ്രവും അസാധാരണവുമായ ചാരപ്പണി രീതികളെക്കുറിച്ചുള്ള വിവരണം പുറത്തു വന്നിരിക്കുന്ന പുതിയ രഹസ്യരേഖകളിലാണ് ഉള്ളത്.
പ്രാവുകളെയും മലങ്കാക്കകളെയും റഷ്യന്‍ ഉള്‍നാടന്‍ പ്രദേശങ്ങളെ കുറിച്ചുള്ള വിവരം കിട്ടാന്‍ വ്യാപകമായി ഉപയോഗിച്ചു. മികച്ച രീതിയില്‍ പരിശീലനം നല്കിയ പ്രാവുകളെയാണ് ഉപയോഗിച്ചത്. എത്ര ദൂരം പോയാലും അയച്ചവരുടെ അരികിലേക്ക് തന്നെ തിരിച്ചെത്താനുള്ള കഴിവാണ് പ്രാവുകളെ ഉപയോഗിക്കാന്‍ കാരണമായത്. റഷ്യയുടെ ഉള്ളിലേക്ക് കടന്നു ചെന്ന് ഫോട്ടോയെടുക്കാന്‍ കഴിയുന്ന രീതിയില്‍ വില കൂടിയ ക്യാമറ ഘടിപ്പിച്ചായിരുന്നു ഇവയെ പറത്തി വിട്ടിരുന്നത്. ടകാനാ എന്നായിരുന്നു പദ്ധതിയുടെ പേര്. മലങ്കാക്കകളില് നിന്നും വിവരം നേടുന്നതിനായി ജനല്‍പ്പടിയില്‍ ചെറിയ ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു.
പരിശീലനം നല്കിയ ഡോള്‍ഫിനുകളെ റഷ്യയുടെ ന്യൂക്ളീയര്‍ അന്തര്‍വാഹിനികളെയും റേഡി്യോ ആക്ടീവ് ആയുധങ്ങളെയും കണ്ടെത്താനാണ് ഉപയോഗപ്പെടുത്തി. കീ വെസ്റ്റ് ഫ്ളോറിഡയില്‍ ശത്രു സേനയുടെ കപ്പലുകള്‍ ഡോള്‍ഫിനുകളെ കൊണ്ടു ആക്രമിപ്പിക്കാനും ശ്രമം നടന്നു. പൂച്ചകളില്‍ ശ്രവണോപകരണങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിക്കാനും ശ്രമം നടന്നു. ഉപകരണം പിടുപ്പിച്ച പൂച്ച ആദ്യ ദിവസം തന്നെ വണ്ടി കയറി ചത്തതോടെ പദ്ധതി തുടക്കത്തില്‍ തന്നെ പൊളിഞ്ഞു. 14 ദശലക്ഷം ഡോളറാണ് കൂട്ടത്തില്‍ പൊട്ടിയത്.
മനുഷ്യന്റെ മനസ്സിനെ മയക്കുമരുന്ന് നല്കി നിയന്ത്രിക്കാന്‍ കഴിയുമോ എന്ന ജൈവ പരീക്ഷണവും അമേരിക്ക നടത്തിയതായി ആരോപണമുണ്ട്. എംകെ അള്‍ട്രാ എന്ന പദ്ധതിയില്‍ എല്‍എസ്ഡി, എംഡിഎംഎ തുടങ്ങിയ മരുന്നുകള്‍ മനുഷ്യരില്‍ തന്നെ പരീക്ഷിക്കുകയും ചെയ്തതായിട്ടാണ് വിവരം. ജൈവായുധ ഗവേഷകനായ ഫ്രാങ്ക് ഓള്‍സണെ അമേരിക്കന്‍ സേനയ്ക്ക് നഷ്ടമായത് ഈ പരീക്ഷണം നടത്തിയതിലൂടെ ആണെന്നാണ് വിവരം. ശാസ്ത്രീയമായി യാതൊരു അടിത്തറയും ഇല്ലാഞ്ഞിട്ടും അതിന്ദ്രീയ ജ്ഞാനം അവകാശപ്പെടുന്ന സൈന്റോളജിസ്റ്റുകളെ വരെ അമേരിക്ക ചാരപ്പണിക്ക് ഉപയോഗപ്പെടുത്തിയിരുന്നു.
ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോയെ കൊല്ലാന്‍ ശാസ്ത്രീയമായ ഒട്ടേറെ മാര്‍ഗ്ഗങ്ങളാണ് പരീക്ഷിച്ചത്. 1960 ല്‍ ബോട്ടുലിനം ടോക്സിന് വിഷം നിറഞ്ഞ ഒരു പെട്ടി സിഗററ്റ് കാസ്ട്രോയ്ക്ക് എത്തിച്ചു നല്‍കിയെങ്കിലും ഒരെണ്ണം പോലും ക്യൂബന്‍ തലവന്‍ വലിച്ചില്ല. സ്ഫോടക വസ്തുക്കള്‍ നിറച്ച ചിപ്പികള്‍ കാസ്ട്രോ സ്ഥിരമായി നീന്താന്‍ പോകുന്നിടത്ത് സ്ഥാപിച്ചു. ഇതും വിജയിച്ചില്ല. നീന്തല്‍ വസ്ത്രത്തില്‍ മിസെടോമാ രോഗം പരത്തുന്ന ഫംഗസുകളെ പുരട്ടി വെച്ചു. നീന്തല്‍ സ്യൂട്ടില്‍ ശ്വാസം എടുക്കാനുള്ള ബ്രീത്തിംഗ് അപ്പരേറ്റസില് ക്ഷയരോഗാണുക്കളെയും നിക്ഷേപിച്ചു. എന്നാല്‍ ചെയ്ത ഒരു മാര്‍ഗ്ഗത്തിനും കാസ്ട്രോയുടെ ജീവനെടുക്കാനായില്ലെന്ന് മാത്രം.






