കണ്ണൂര്‍: ചെറുപുഴയില്‍ കെ. കരുണാകരന് സ്മാരക ആശുപത്രി നിര്‍മ്മിച്ച കരാറുകാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കരുണാരകന് ട്രസ്റ്റിനെതിരെ കെ.പി.സി.സി സമിതി. കെട്ടിടം നിര്‍മ്മാണത്തിന് ചെലവായ പണം കരാറുകാരനായ ജോയിക്ക് കരുണാകരന് ട്രസ്റ്റ് ഭാരവാഹികള്‍ നല്‍കിയില്ലെന്ന് സമിതി അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റക്കാരായ നേതാക്കള്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ കെ.പി.സി.സിക്ക് കൈമാറും.
കോണ്‍ഗ്രസ് നേതാക്കളായ കെ. കുഞ്ഞികൃഷ്ണന് നായര്‍, കെ.കെ സുരേഷ് കുമാര്‍, റോഷി തോമസ്, ടോമി പ്ലാച്ചേരി, ടി.വി അബ്ദുള്‍ സലീം, പി.എസ് സോമന്, സി.ഡി സ്കറിയ എന്നിവരാണ് ആശുപത്രി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ കോണ്‍ഗ്രസ് നേതാക്കള്‍. ഇവരെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഡി.വൈ.എസ്.പി ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
കരുണാകരന് സ്മാരക ആശുപത്രി നിര്‍മ്മിച്ച വകയില്‍ ഒരു കോടിയിലധികം രൂപ ലഭിക്കാനുണ്ട്. ഈ കെട്ടിടത്തിലാണ് ജോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഭിക്കാനുള്ള പണം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ജോയി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയിയെ കാണാതായത്. തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ രേഖകള്‍ കൈക്കലാക്കിയ ശേഷം ജോയിയെ കൊന്നതാണെന്ന് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ തുറന്ന കത്ത് എഴുതുകയും ചെയ്തു.






